മഴക്കാലപൂർവ പ്രവർത്തനം നടത്തിയത് കൊടുംചൂടിലെന്ന് ആക്ഷേപം
കണ്ണൂർ: കഴിഞ്ഞ കാലവർഷത്തിന് മുന്നേ ചെയ്യേണ്ട മരച്ചില്ലകൾ വെട്ടൽ പ്രവൃത്തി കൊടുംചൂടിൽ ചെയ്തത് പ്രതിഷേധത്തിന് വഴിവെച്ചു. കാൽടെക്സ് ജങ്ഷൻ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിലെ റോഡിലേക്ക് തള്ളിനൽക്കുന്ന തണൽമരങ്ങളുടെ ചില്ലകളാണ് പൂർണമായും വെട്ടിമാറ്റിയത്.
വെറും ചില്ലകൾ മാത്രമല്ല, വെട്ടിയത് എന്നതാണ് കഷ്ടം. മരത്തിന്റെ മുഴുവൻ ഭാഗവുമെന്നപോലെ എല്ലാം വെട്ടിമാറ്റിയിട്ടുണ്ട്. കാൽടെക്സ് ജങ്ഷൻ മുതൽ സ്റ്റേഡിയം കോർണർ വരെയുള്ള ഭാഗത്തെ തണൽമരങ്ങളുടെ ചില്ലകളാണ് പൂർണമായും വെട്ടിമാറ്റിയിട്ടുള്ളത്. കൊടും ചൂടിൽ നഗരത്തിലേക്കിറങ്ങാൻ കഴിയാത്തവിധം ജനങ്ങൾ നട്ടംതിരിയുമ്പോഴാണ് ഓർക്കാപ്പുറത്തുള്ള ഈ കടുംവെട്ട് നടന്നിരിക്കുന്നത്.
എ.കെ.ജി-പുതിയതെരു ഭാഗത്തേക്കും സ്റ്റേഡിയം കോർണർ ഭാഗത്തേക്കും കാൽടെക്സ് ജങ്ഷനിൽനിന്ന് വെയിൽ കൊള്ളാതെ നടക്കാൻപറ്റിയിരുന്ന ഇടങ്ങളെല്ലാം ഞായറാഴ്ച മുതൽ കൊടും വെയിലേൽക്കുന്ന ഇടമായി മാറി. കോർപറേഷൻ അധികൃതരുടെ കെടുകാര്യസ്ഥതയാണ് ഇതെന്നാണ് ജനങ്ങൾ പറയുന്നത്.
മഴക്ക് മുന്നൊരുക്കമായി ചെയ്യേണ്ടുന്ന മരച്ചില്ലവെട്ടൽ പ്രവൃത്തി ഈ കൊടുംചൂടിൽ ചെയ്തത് ജനങ്ങൾക്ക് വലിയതരത്തിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ നഗരത്തിലെവിടെയും വെയിലേൽക്കാതെ നിൽക്കാൻ പറ്റുന്ന ഇടമില്ലാതായിരിക്കുകയാണ്. ഞായറാഴ്ച രാവിലെതന്നെ കാൽടെക്സിൽ പഴയ സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡ് ബ്ലോക്ക് ചെയ്താണ് മരംവെട്ടൽ പ്രവൃത്തി നടത്തിയത്. മഴക്കുമുന്നേ ചെയ്യേണ്ടുന്ന പ്രവൃത്തി നീണ്ടത് ഇതിനായുള്ള ഫണ്ട് ലഭിക്കാത്തത് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
രാത്രി മുടങ്ങും; പകലും മുടങ്ങി..!
കണ്ണൂർ: നഗരത്തിലെ കാൽടെക്സ് മുതൽ പഴയ സ്റ്റാൻഡ് വരെയുള്ള ഭാഗത്തെ തണൽമരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നഗരത്തിൽ രാവിടെ ഒമ്പതു മുതൽ 2.30രെ വൈദ്യുതി പൂർണമായി മുടങ്ങി. ഞായറാഴ്ച പ്രവർത്തിക്കുന്ന ഓഫിസുകൾക്കും മറ്റ് വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാക്കി.
വൈദ്യുതിമുടക്കം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും കനത്ത ചൂടിനിടയിലെ നഗരത്തിലെ മണിക്കൂറുകളായുള്ള വൈദ്യുതിമുടക്കം വലിയരീതിയിലാണ് വ്യാപാരികളേയും ഞായറാഴ്ച തുറന്ന ഓഫിസുകളേയും ബാധിച്ചത്. രാത്രിവേളകളിലെ പ്രഖ്യാപിത മുടക്കത്തോടൊപ്പം പകൽനേരങ്ങളിലും ഇങ്ങനെ മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.