ഏഴോം അവത്തെകൈ കൈപ്പാടിൽ കൃഷിക്കായി പൊറ്റ കൂട്ടുന്നു

തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം; ഏഴോം പഞ്ചായത്തിലെ കൈപ്പാട് കൃഷിക്ക് പ്രതിസന്ധി

പഴയങ്ങാടി: തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാറിന്റെ പരിഷ്‌കരണം വന്നതോടെ കാർഷിക മേഖല പ്രതിസന്ധിയിലായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിക്കാൻ ലക്ഷ്യമിട്ട പദ്ധതികൾ പലതും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗപ്പെടുത്തി വർഷങ്ങളായി ചെയ്തുവരുന്ന കാർഷിക ജോലികൾക്ക് തൊഴിലാളികളെ ലഭിക്കാത്തതാണ് പുതിയ പ്രതിസന്ധി.

ജില്ലയുടെ കൈപ്പാട് നെല്ലുൽപാദനത്തിലും നെൽവിത്തുകൾ വികസിപ്പിച്ചെടുക്കുന്നതിലും മുൻനിരയിലുള്ള കണ്ണൂരിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്തിൽ കൈപ്പാട് നെൽകൃഷിയുടെ പ്രാരംഭ ജോലിയായ നിലമൊരുക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ഈ വർഷം ഉപയോഗപ്പെടുത്താനായില്ല.

ഏഴോം കൈപ്പാടുകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ലഭിക്കാൻ പദ്ധതിയില്ലാതായതോടെ ഗണ്യമായ വിഭാഗം കർഷകർ കൈപ്പാട് കൃഷിക്കായി പൊറ്റ കൂട്ടി നിലമൊരുക്കിയിട്ടില്ല. ഇതോടെ ഈ വർഷം കൈപ്പാട് നെല്ലുൽപാദനം പാതിയായി കുറയും. ഭൗമസൂചിക പട്ടികയിൽ ഇടം നേടിയ കൈപ്പാട് അരി കയറ്റുമതിയെയും ഇത് ബാധിക്കും. ഏഴോം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും പരമ്പരാഗത കർഷകനുമായ പി. ഗോവിന്ദന്റെ കൈപ്പാടുകളിൽ നിലമൊരുക്കൽ പ്രവൃത്തി നടക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന കർഷകർ മാത്രമാണ് കൈപ്പാട് കൃഷിക്കായി ഇതര തൊഴിലാളികളെ ഉപാഗപ്പെടുത്തിയത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരടക്കം മാറ്റിയാണ് കേന്ദ്ര സർക്കാറിന്റെ പുതിയ പരിഷ്‌ക്കരണം. വി.ബി.ജി റാം ജി എന്നാണ് തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്. (വികസിത് ഭാരത്- ഗാരൻറി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ). പൂർണമായും നേരത്തേ കേന്ദ്രവിഹിതത്തിൽ നടപ്പാക്കിയ പദ്ധതിയിൽ പുതിയ പരിഷ്കരണങ്ങളെ കുറിച്ച് വ്യക്തമായ വിശദീകരണം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പദ്ധതി വിഹിതത്തിൽ 40 ശതമാനത്തിന്റെ ബാധ്യത സംസ്ഥാന സർക്കാറുകൾക്ക് നൽകിയാണ് പരിഷ്‌കരണം നടപ്പാക്കുന്നത്.

Tags:    
News Summary - MGNREGA scheme reform; Kaipad farming in Ezhom Panchayat faces a crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.