കണ്ണൂർ: വ്യാജ വെബ്സൈറ്റ് വഴി ലോണിനു അപേക്ഷിച്ച ചക്കരക്കൽ സ്വദേശിയായ യുവാവിന് 68,867 രൂപ നഷ്ടപ്പെട്ടു. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. മറ്റൊരു പരാതിയിൽ ഫേസ് ബുക്കിൽ 5000 രൂപ സമ്മാനം ലഭിക്കുമെന്ന വ്യാജ പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക്ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെതുടർന്ന് കൂത്തുപറമ്പ് സ്വദേശിക്ക് 4,997 രൂപ ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ യുവതിക്കും ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമായി. ഫേസ്ബുക്കിൽ വ്യാജ പരസ്യംകണ്ട് മുൻകൂട്ടി പണം നൽകി സാധനം ഓർഡർ ചെയ്ത യുവതിയെ ഓർഡർ ചെയ്ത സാധനം നൽകാതെ കബളിപ്പിക്കുകയായിരുന്നു.
ആരും തന്നെ അംഗീകാരമില്ലാത്ത ആപ്പുകൾ വഴി ലോൺ എടുക്കാൻ ശ്രമിക്കുകയോ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകുകയോ വ്യാജ വെബ്സൈറ്റ് വഴി മുൻകൂട്ടി പണം നൽകി സാധനം വാങ്ങുവാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. കഴിഞ്ഞദിവസവും നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.