വീടുകളുടെ സമുച്ചയം പണിയാൻ ലക്ഷ്യമിട്ട സ്ഥലം കാടുകയറിയ നിലയിൽ
ചിറക്കൽ: ചിറക്കൽ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തറക്കല്ലിട്ട വീടുകളുടെ സമുച്ചയം ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട് ആറുവർഷമാകുന്നു. ഏഴാം വാർഡിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2020 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നടത്തിയതാണ് പദ്ധതി. മൂന്നുനിലകളിലായി 30 ഓളം വീടുകൾ നിർമിക്കാനായിരുന്നു ലക്ഷ്യം. ശിലാഫലകം അനാച്ഛാദനം ചെയ്തത് അന്നത്തെ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു.
പദ്ധതി നടപ്പാക്കുന്നതിൽ പഞ്ചായത്തോ എം.എൽ.എയോ മുൻകൈയെടുക്കാത്തതിനാലാണ് അനാഥപ്പെട്ടുകിടക്കുന്നതെന്നാണ് ആക്ഷേപം. പിന്നാക്ക വിഭാഗത്തിൽപെട്ടവരെക്കൂടി വീടുകൾ നൽകാൻ കണക്കിലെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതിൽ സർക്കാറിന്റെ ഭാഗത്തുനിന്നുമുള്ള കടുത്ത അവഗണനയിലാണ് പ്രദേശത്തുകാർ. എന്നാൽ, കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് ഒറ്റപ്പെട്ടനിലയിൽ ഇന്ന് ശിലാഫലകം നോക്കുകുത്തിയാണ്.
ഭവനസമുച്ചയ പദ്ധതി നടപ്പാക്കുന്നത് സ്റ്റേറ്റ് ലൈഫ് മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ട് പഞ്ചായത്തിലോ ജില്ല ലൈഫ് മിഷൻ ഓഫിസിലോ ഒരു വിവരവും ലഭ്യമല്ല. എന്നാൽ, ടെൻഡർ നടപടിയും മറ്റും നടന്നതായും അറിയുന്നു. ഇതര സംസ്ഥാനത്തുനിന്നുള്ള നിർമാണക്കമ്പനിയാണ് ടെൻഡർ ഏറ്റെടുത്തത്. ഫണ്ട് സംബന്ധിച്ചുള്ള പൊരുത്തക്കേടിലാണ് പ്രവൃത്തി നടക്കാതെ പോയതെന്നാണ് പൊതുസംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.