കാര്യങ്കോട് പുഴയിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിക്കാനെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ
കണ്ണൂർ: ഉത്രാടപ്പാച്ചിലിനിടെ എത്തിയ കനത്ത മഴയിൽ ജില്ലയിൽ വ്യാപക ദുരിതം. ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മുതുകാട്ടില്‍ സജി(50)യെ കാണാതായി. ആലക്കോട് വില്ലേജിലെ മൂന്നാംകുന്ന് ചെറിയ തോതിലുള്ള ഉരുള്‍ പൊട്ടല്‍ ഉണ്ടായി.
കൊട്ടിയൂർ-വയനാട് ചുരം പാതയിലെ ചെകുത്താൻതോടിന് സമീപം മണ്ണിടിച്ചിലുണ്ടായി. എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്നു. ദേശീയപാത കുപ്പത്ത് വീടുകളിൽ വെള്ളം കയറി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്.
ആലക്കോട് മൂന്നാംകുന്ന് ചോല റോഡിലേക്ക് വെള്ളവും കല്ലും വന്ന് ഗതാഗത തടസ്സം ഉണ്ടായി. റോഡിന് ചെറിയതോതില്‍ നാശനഷ്ടവും ഉണ്ടായി. പ്രദേശത്തുള്ള പത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്ത് കുളവും രണ്ടു കിണറുകളും മണ്ണും കല്ലും നിറഞ്ഞു ഉപയോഗശൂന്യമായി. അപകട സാധ്യത പരിഗണിച്ച് ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റി.
കാര്യങ്കോട് പുഴ കരകവിഞ്ഞു
ചെറുപുഴ: കനത്ത മഴയെ തുടർന്ന് കാര്യങ്കോട് പുഴയുടെ ചെറുപുഴ ഭാഗത്ത് ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. രാജഗിരി, കോഴിച്ചാൽ, ജോസ്ഗിരി, ആലക്കോട് പഞ്ചായത്തിലെ മൂന്നാംകുന്ന് ഭാഗങ്ങളിൽ ഉരുൾ പൊട്ടൽ ഭീഷണിയും ഉയർന്നു.
ആഗസ്റ്റ് ഒന്നിന് കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളാണിത്.
കഴിഞ്ഞ തവണ പുഴ കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറിയ കോലുവള്ളി, വയലായി, പുളിങ്ങോം ഉമയംചാൽ ഭാഗങ്ങളിൽ ഇത്തവണയും സമാന സാഹചര്യം ഉണ്ടായേക്കാം എന്ന് വിലയിരുത്തിയ അധികൃതർ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് ലൈസന്മ പനയ്ക്കൽ, വൈസ് പ്രസിഡൻ്റ് സതീശൻ കാർത്തികപ്പള്ളി, മെംബർമാരായ കെ.ഡി. പ്രവീൺ, ജമീല കോളയത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തി. ആലക്കോട് പഞ്ചായത്തിലെ മൂന്നാംകുന്ന് ചോല റോഡിലേക്ക് ഉരുൾ പൊട്ടി വെള്ളം ഒഴുകിയെത്തി റോഡ് തകർന്നു. ഇതു വഴി റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ കെ. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പെരിങ്ങോം അഗ്നിരക്ഷ സേന വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
ചെറുപുഴ, കോഴിച്ചാൽ ഉന്നതി, കാനം വയൽ ഉന്നതി, പാലാവയൽ തുടങ്ങിയിടങ്ങളിൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾക്ക് സുരക്ഷ നിർദേശങ്ങൾ നൽകി. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശിക്കുകയും ചെയ്തു. കാര്യങ്കോട് പുഴയിൽ നടക്കുന്ന സാഹസിക വിനോദമായ റാഫ്റ്റിങ്ങും നിരോധിച്ചു.
ദേശീയപാതയിൽ മണ്ണിടിഞ്ഞു
കണ്ണൂർ: എളയാവൂരില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതരില്‍ നിന്ന് ജില്ല കലക്ടര്‍ പി. വിഷ്ണുരാജ് അടിയന്തര റിപ്പോര്‍ട്ട് തേടി. ജില്ലയിൽ ശക്തമായി തുടരുന്ന മഴക്കു പിന്നാലെയാണ് മണ്ണിടിച്ചിൽ.
നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മഴ കനത്തതോടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട് എന്നതും ആശങ്കയാണ്. നടുഭാഗം തുരന്ന് നിർമിച്ച പാതയായതിനാല്‍ തന്നെ ഇരു വശങ്ങളിലും വലിയ ഉയരത്തിലാണ് മണ്ഭിത്തിയുള്ളത്. ഇതിന് മുകള്‍ഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയിലും വിള്ളലുണ്ടായിട്ടുണ്ട്.
മന്ത്രി സണ്ണി ജോസഫ്, ടി.ഒ.മോഹനൻ എം.എൽ.എ, ജില്ല കലക്ടര്‍ പി. വിഷ്ണുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. എളയാവൂരിൽ മണ്ണിടിച്ചിലുണ്ടായത് നിർമാണത്തിലെ അപാകതകൾ മൂലമാണെന്ന് ടി.ഒ. മോഹനൻ എം.എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണെങ്കിലും പരിഹരിക്കാൻ തയാറാകാത്തത് കൊണ്ടാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്. സർവിസ് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടും അവ നിർമിക്കാതെ പോയതും ഈ അപകടത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണം ആരംഭിക്കുന്ന കാലത്ത് സർവിസ് റോഡ് അംഗീകരിച്ചുവെങ്കിലും കരാറുകാരനും ദേശീയപാത അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിക്കുകയായിരുന്നു. നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.