പയ്യന്നൂർ: ഇടതുഭാഗത്ത് വലിയ കൊക്കയായിരുന്നു. ചെറിയ അശ്രദ്ധ മാത്രം മതി ബസ് പൂർണമായും തകരാൻ. ധൈര്യവും പാതയിലെ മുൻ പരിചയവും ഇന്ധനമായപ്പോൾ വലതുഭാഗത്തെ മണ്ണും കല്ലും ചേർന്ന തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആ തീരുമാനം ശരിയെന്ന് പിന്നീട് വ്യക്തം. ഇടുക്കി പനംകുറ്റി വനമേഖലയിലെ അപകടത്തെക്കുറിച്ച് ഡ്രൈവർ ടി.വി. വിനോദ് ഇത് പറയുമ്പോൾ ശബ്ദത്തിൽ ഭീതിയുടെ പതർച്ച പ്രകടമായിരുന്നു.
പയ്യന്നൂരിൽനിന്ന് വിനോദ സഞ്ചാരികളെയും വഹിച്ച് ഇടുക്കിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കാനായി മണിയറയിലെ ടി.വി. വിനോദിന്റെ മനസ്സാന്നിധ്യംകൊണ്ടു മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കഴിഞ്ഞ 12നാണ് ബസ് പയ്യന്നൂരിൽനിന്നു പുറപ്പെട്ടത്.
രണ്ട് കുട്ടികൾ ഉൾപ്പെടെ 38 യാത്രക്കാരും വിനോദും പ്രിൻസ് എന്ന സഹ ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. രണ്ടു നാളെടുത്ത് സംഘം ഗവിയും കുമിളിയും തേക്കടിയും സന്ദർശിച്ചശേഷം ഞായറാഴ്ച 6.45നാണ് നെടുങ്കണ്ടം വഴി നേരിയമംഗലം ഭാഗത്തേക്ക് പുറപ്പെട്ടത്.
പനംകുറ്റിയിലെത്തി ഇറക്കമിറങ്ങാൻ ബ്രേക്കിൽ കാൽവെച്ചപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ പ്രിൻസിനോട് വിവരം പറഞ്ഞു. യാത്രക്കാരോട് മുറുകെ പിടിക്കാനും ഏതു നിമിഷവും അപകട സാധ്യത നേരിടാനുള്ള ധൈര്യം സംഭരിക്കാനും നിർദേശം നൽകി. ബ്രേക്കിന്റെ നിയന്ത്രണമില്ലാതെ രണ്ട് വളവുകൾ പിന്നിട്ടു. മൂന്നാമത്തെ വളവിനു മുമ്പുതന്നെ ഇടിച്ചു നിർത്താൻ സാധിച്ചു -12 വർഷമായി ട്രാൻസ്പോർട്ട് ബസിൽ ജോലി ചെയ്തുവരുന്ന വിനോദ് പറഞ്ഞു.
നേരത്തേ നിർദേശം നൽകിയതിനാലാണ് അധികം പേർക്കും പരിക്കുപറ്റാതെ രക്ഷപ്പെട്ടത്. ഏതാനും പേർക്ക് മാത്രമാണ് നിസ്സാര പരിക്കുപറ്റിയത്. മൂന്നാർ ഡിപ്പോയിലെ ഡീലക്സ് ബസ് എത്തിച്ചാണ് യാത്രക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. പയ്യന്നൂരിൽനിന്നും തിരുവനന്തപുരത്തുനിന്നും കെ.എസ്.ആർ.ടി.സി അധികൃതർ വിളിച്ച് സംസാരിച്ചതായും വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.