കണ്ണൂർ: ജില്ലയില്‍ ഹാബിറ്റാറ്റ് മുഖേന 17 കോളനികളില്‍ നടപ്പാക്കുന്ന നിർമാണ പദ്ധതികളെക്കുറിച്ച് നവംബര്‍ 14നകം റിപ്പോര്‍ട്ട് നല്കാന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ക്ക് ജില്ല കലക്ടര്‍ നിർദേശം നല്കി. കലക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർദേശം.
പാട്യം പഞ്ചായത്തിലെ അമ്മാറ പറമ്പ് കോളനിയില്‍ ഹാബിറ്റാറ്റ് മുഖേനെ നടപ്പാക്കുന്ന അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന കെ.പി. മോഹനന് എം.എല്‍.എയുടെ നിർദേശത്തെ തുടര്‍ന്നാണ് നടപടി. മൂന്നാം കുറ്റി, അരിങ്ങോട്, പട്ടത്ത് വയല്‍, ഈയങ്കല്, മാവിന് തട്ട്, മടക്കിനി തുടങ്ങി 17 കോളനികളിലാണ് ഹാബിറ്റാറ്റ് മുഖേനെയുള്ള നിർമാണ പ്രവൃത്തികള്‍ നടക്കുന്നത്.
സമയബന്ധിതമായി നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത ഏജന്‍സികളെ പദ്ധതി നിര്‍വഹണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് എം.എൽ.എമാരായ ടി.ഐ. മധുസൂദനന്, കെ.പി മോഹനന് എന്നിവർ ആവശ്യപ്പെട്ടു. കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ തുറക്കുന്ന കാര്യം നവംബര്‍ 14നുള്ളില്‍ പരിഹരിക്കുമെന്ന് കോർപറേഷന് പ്രതിനിധി യോഗത്തെ അറിയിച്ചു.
കൂത്തുപറമ്പ് മണ്ഡലത്തില്‍ നിർമിക്കുന്ന ജെൻഡര്‍ കോംപ്ലക്സിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ 2024 ജനുവരിയില്‍ ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ ചാല കട്ടിങ് ആര്.ഒ.ബിയുടെ പൂര്‍ണ പ്രയോജനം ലഭ്യമാക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ആറുവരി പാതയില്‍ ഇടതുവലത് അനുബന്ധ റോഡുകളെ ബന്ധിപ്പിച്ച് ഓവര്‍ പാസ് നിർമിക്കണമെന്ന് രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ കത്തിലൂടെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് സാങ്കേതിക റിപ്പോര്‍ട്ടും ഡ്രോയിങും നല്‍കിയതായും അദ്ദേഹം അറിയിച്ചു.
വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ റോഡ് നിർമാണത്തിനിടെ പൊട്ടുന്നത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ കത്ത് നല്കാന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എൻജിനീയർക്ക് കലക്ടര്‍ നിർദേശം നല്കി.പേരാവൂരില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് വിനോദവിജ്ഞാന കേന്ദ്രം തുടങ്ങാനുള്ള നിർദേശം നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ഡോ. വി. ശിവദാസന്‍ എം.പി പറഞ്ഞു.
പദ്ധതി പ്രായോഗികമല്ലെന്നാണ് വകുപ്പ് നല്കിയ റിപ്പോര്‍ട്ട്. ഇതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ക്ക് കലക്ടര്‍ നിർദേശം നല്കി. കോറളായി പ്രദേശത്തെ മണ്ണിടിച്ചില്‍ സംബന്ധിച്ച് സംസ്ഥാന തല ഉന്നതതല സമിതി നവംബര്‍ ഒന്നിന് സ്ഥലസന്ദര്‍ശനം നടത്തുമെന്ന് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.