കണ്ണൂർ ജില്ല പഞ്ചായത്ത് ബജറ്റ്: കൃഷിയിലാണ് കണ്ണ്

കണ്ണൂർ: കൃഷിക്കും അനുബന്ധ മേഖലകൾക്കും വിനോദസഞ്ചാര മേഖലക്കും ഊന്നൽ നൽകി ജില്ല പഞ്ചായത്ത് ബജറ്റ്. 159.72 കോടി രൂപ വരവും 155.89 കോടി ചെലവും 3.79 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ അവതരിപ്പിച്ചു. കൃഷി ലാഭകരമാക്കി മാറ്റുന്നതിന് തെങ്ങ്, റബർ തുടങ്ങിയ നാണ്യവിളകളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുന്നതിന് നൂതന കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണത്തിനും പരിശീലനത്തിനുമായി ഒരു കോടി രൂപ വകയിരുത്തും.

ഉൾനാടൻ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും പരമ്പരാഗത മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനും പുഴയുടെ ജൈവഘടന വീണ്ടെടുക്കുന്നതിനും ഒരുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിക്കുന്നതിനുമായി പത്തുലക്ഷം രൂപയാണ് വകയിരുത്തുക. വിളവെടുക്കുന്ന കാർഷിക ഉല്പന്നങ്ങൾ ആധുനികമായി സംരംഭിക്കാൻ കരിമ്പം ജില്ല കൃഷിത്തോട്ടത്തിൽ സംസ്ഥാന സർക്കാറിന്‍റെയും നബാർഡിന്‍റെയും സഹായത്തോടെ ആധുനിക സംഭരണശാലയും മൂല്യവർധിത ഉൽപന്ന നിർമാണ പ്ലാൻറും സ്ഥാപിക്കുന്നതിന് അഞ്ചുകോടിരൂപ നീക്കിവെച്ചു.

ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് കാർഷിക ഉൽപന്നങ്ങൾ എത്തിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ സാധ്യത ഉപയോഗിച്ച് ഓൺലൈൻ വിതരണ ശൃംഖല ഒരുക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തും. ജില്ല കൃഷിത്തോട്ടം, കാങ്കോൽ സംസ്ഥാന സീഡ്ഫാം, പാലയാട് കോക്കനട്ട് നഴ്സറി, കൊമ്മേരി ആട് ഫാം എന്നിവിടങ്ങളിൽ ആധുനിക കാർഷിക യന്ത്രങ്ങൾ, നടീൽ വസ്തുകൾ, വിത്ത്, വളം, ജൈവ കീടനാശിനികൾ എന്നിവ കർഷകർക്ക് ന്യായവിലക്ക് ലഭ്യമാക്കുന്ന അഗ്രോടെക് ഷോപ്പി സെൻറർ സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപ വകയിരുത്തും.

പാലിൽ നിന്നും മൂല്യവർധിത ഉൽപന്ന നിർമാണ യൂനിറ്റ് തുടങ്ങാൻ ക്ഷീര സംഘങ്ങൾക്ക് സഹായമായി 50 ലക്ഷം രൂപ നൽകും. പൂന്തോട്ട നഴ്സറി യൂനിറ്റുകൾക്കും പുഷ്പകൃഷികൾക്കുമുള്ള സാധ്യത കണക്കിലെടുത്ത് പൂന്തോട്ട നഴ്സറി യൂനിറ്റുകൾക്കും പുഷ്പകൃഷിക്കുമായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സഹായം നൽകും. ചെണ്ടുമല്ലി, വാടാർമല്ലി, സൂര്യകാന്തി, കുറ്റിമുല്ല, അലങ്കാര ചെടികൾ തുടങ്ങി കൃഷി പ്രോത്സാഹനത്തിന് 20 ലക്ഷം രൂപ വകയിരുത്തും.

ജില്ല പഞ്ചായത്ത് ആസ്തിയിൽ 432.5 കിലോമീറ്റർ ദൂരത്തിലായി 142 റോഡുകൾ ഘട്ടം ഘട്ടമായി മെക്കാഡം ടാറിങ് ചെയ്യാൻ 30 കോടി രൂപവകയിരുത്തും. ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ ടൂറിസ്റ്റ് കേന്ദ്രം എന്ന സർക്കാറിന്‍റെ ലക്ഷ്യത്തോടൊപ്പം ചേർന്ന് 11 ബ്ലോക്കുകളിൽ ഒന്നുവീതം ടൂറിസം കേന്ദ്രം കണ്ടെത്തി വികസിപ്പിക്കുന്നതിന് ടൂറിസം വകുപ്പുമായി ചേർന്ന് 1.10 കോടി വകയിരുത്തും.

പ്രീ പ്രൈമറി മുതൽ യു.പി തലം വരെയും ഹൈസ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുമുള്ള കുട്ടികൾക്കായി പ്രത്യേക കർമപദ്ധതികൾ തയാറാക്കും. വിദ്യാർഥികളിൽ ബഹുഭാഷ പ്രാവീണ്യം, നിയമ പരിജ്ഞാനം, നൈപുണ്യ പരിശീലനം, പരിസ്ഥിതി പഠനം, സാമൂഹിക പ്രതിബന്ധത, കായിക ശേഷി തുടങ്ങിയവ വികസിപ്പിക്കുന്നതിന് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഊന്നൽ നൽകും. സർക്കാർ സ്കൂളുകളിൽ മികച്ച ലാബ്, ലൈബ്രറി, ഡൈനിങ് ഹാളുകൾ, ആധുനിക ഫർണിച്ചറുകൾ, ക്ലാസ് മുറികൾ തുടങ്ങിയവ നിർമിക്കുന്നതിന് നബാർഡ് സഹായത്തോടെ പത്തുകോടി വകയിരുത്തി പദ്ധതികൾ തയാറാക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.

കരിമ്പത്ത് ടൂറിസം മധുരം

കരിമ്പം ജില്ല കൃഷിത്തോട്ടത്തെ ഫാം ടൂറിസം ഹബ്ബാക്കിമാറ്റും. ഫ്ലവർ ഷോ, മാംഗോ മ്യൂസിയം, വാക്കിങ് വേ, ഫുഡ് കോർട്ട്, ആംഫി തിയറ്റർ തുടങ്ങിയ സൗകര്യങ്ങളൊരുക്കി സഞ്ചാരികളെ ആകർഷിക്കാൻ പത്തുകോടി രൂപ വകയിരുത്തി ഫാം ടൂറിസം പദ്ധതി നടപ്പാക്കും.

സോളാർ ഹാങ്ങിങ് ഫെൻസിങ്

വന്യമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നത് തടയാൻ വന്യമൃഗ സംഘർഷ മേഖലകളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തും. തേൻഗ്രാമങ്ങൾ വ്യാപിപ്പിക്കുന്നതിനും തേൻ സംസ്കരണത്തിനുമായി ഹോർട്ടി കോർപ് സഹായത്തോടെ പദ്ധതി തയാറാക്കുന്നതിനായി 25 ലക്ഷം.

ഊരുചുറ്റാൻ ഉരു

വിനോദസഞ്ചാര മേഖലയെ പ്രേത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ പുഴകളിൽനിന്ന് കായലിലേക്കും കടലിലേക്കും യാത്ര ചെയ്യാൻ സാധിക്കുന്ന ഉരു നിർമിക്കും. ടൂറിസം രംഗത്ത് പുത്തൻ കുതിപ്പേകാൻ ജില്ലയിലെ പുഴകളും കായലുകളും കടലും കണ്ടറിഞ്ഞ് യാത്ര ചെയ്യുന്നതിനുള്ള സാധ്യത വിനോദ സഞ്ചാരികളെ ആകർഷിക്കും. ഒരു കോടി രൂപയാണ് ഉരു നിർമാണത്തിന് വകയിരുത്തുക.

Tags:    
News Summary - Kannur District Panchayat Budget emphasis on agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.