കണ്ണൂർ വിമാനത്താവളത്തിനകത്തെ സുരക്ഷ പരിശോധന ഏരിയ (ഫയൽ പടം)

സാധ്യതകളേറെ, പക്ഷേ അനക്കമില്ല

ഉത്തരകേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവേണ്ട വിമാനത്താവളമാണ് കണ്ണൂരിലേത്. വിനോദസഞ്ചാരമേഖലയുടെ വികസനമാണ് ഇതിലേറ്റവും പ്രധാനം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് വിമാനത്താവളം അനിവാര്യമാണ്. കർണാടകയിലെ കുടക് ജില്ലയിലേക്ക് എളുപ്പത്തിലെത്താനും കണ്ണൂർവഴി സാധ്യമാകും.

ഏഷ്യയിലെതന്നെ വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് കണ്ണൂരിലാണ്. ഇവിടെ സഞ്ചാരികളെ ആകർഷിക്കാനായി കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നുറപ്പാണ്. കൂടാതെ പാലക്കയംതട്ട്, ഏഴരകുണ്ട് വെള്ളച്ചാട്ടം, വൈതൽമല, പഴയങ്ങാടി വയപ്ര പാർക്ക്, പുതിയങ്ങാടി ചൂട്ടാട് ബീച്ച്, കാട്ടാമ്പള്ളി കയാക്കിങ് സെന്റർ, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്, അഴീക്കോട് ചാൽബീച്ച്, പയ്യാമ്പലം ബീച്ച്, അറക്കൽ മ്യൂസിയം, കണ്ണൂർ കോട്ട, തലശ്ശേരി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, മട്ടന്നൂർ-പഴശ്ശി ഉദ്യാനം-ഡാം, അളകാപുരി വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി ശശിപ്പാറ, പാലുകാച്ചിമല ഇങ്ങനെ നീളുന്നു ജില്ലയിലെ ടൂറിസം സ്പോട്ടുകൾ. കൂടാതെ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ, കാസർകോട് ജില്ലയിലെയും കുടകിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും കണ്ണൂർ വഴി എളുപ്പത്തിലെത്താം.

എന്നാൽ, ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ഇവിടങ്ങളിലേക്ക് ആകർഷിക്കാനായി സർക്കാറുകളുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. കണ്ണൂർ വിമാനത്താവള ഉദ്ഘാടന സമയത്ത് വിദേശ- ആഭ്യന്തര ഇടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ തന്നെ കേരള ടൂറിസം വകുപ്പ് തുടങ്ങിയിരുന്നു. സഞ്ചാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനായിരുന്നു ഇത്. എന്നാൽ, നിലവിൽ ഇവ കണ്ണൂർ വിമാനത്താളവത്തിൽ പ്രവർത്തിക്കുന്നില്ല. ഇതോടെ സഞ്ചാരികൾ കണ്ണൂരിലെത്തിയാൽ വട്ടംചുറ്റേണ്ടി വരും.

നേരത്തെ ചെറിയനിരക്കിൽ ആഭ്യന്തര സർവിസുകൾ കണ്ണൂർ നിന്ന് നടത്തിയിരുന്നെങ്കിൽ നിലവിൽ മറ്റു വിമാനത്താവളത്തേക്കാൾ രണ്ടോ മൂന്നോ ഇരട്ടി വർധനയാണ് ഉണ്ടായത്.

ചരിത്രത്തിലാദ്യമായി കണ്ണൂരിൽനിന്ന് ഹജ്ജ് യാത്രാസംഘം പുറപ്പെട്ട വർഷമാണിത്. ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കിട്ടിയ വേളയിലും പോയന്റ് ഓഫ് കാൾ പദവി പലരും പ്രതീക്ഷിച്ചു. വിദേശ വിമാനത്തിനുപകരം എയർഇന്ത്യ വിമാനമാണ് സർവിസ് നടത്തിയത്. അങ്ങനെ ആ നിലക്കുള്ള പ്രചാരണവും വെറുതെയായി. ഉംറ പാക്കേജിലൂടെ കണ്ണൂരിൽനിന്ന് നിരവധി തീർഥാടകർ സൗദിയിലേക്ക് പോകുന്നുണ്ട്.

സമരം പ്രഖ്യാപിച്ച് പാർട്ടികൾ

കണ്ണൂരിന്റെ വിമാനത്താവളം തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരവുമായി രംഗത്തുവന്നു. നഷ്ടത്തിലാക്കി അദാനിക്ക് വിൽക്കാനാണ് പദ്ധതിയെന്ന നിലക്കാണ് സമരം നടത്തിയ കോൺ​ഗ്രസ് നേതാക്കളുടെ ആ​േരാപണം.

പോയന്റ് ഓഫ് കാളിൽ പിടിച്ചുതൂങ്ങി സർവ കുറ്റവും കേന്ദ്രസർക്കാറിൽ ആരോപിച്ചാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണപക്ഷത്തിന്റെ പ്രവർത്തനം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാവട്ടെ ഇതൊന്നും കണ്ടില്ലെന്നും നടിക്കുന്നു. കേരളത്തിന്റെ ഒരാവശ്യമായി കണ്ട് എല്ലാവരും ഒറ്റക്കെട്ടായിനിന്ന് പോരാടുക മാത്രമാണ് പോംവഴി. ​അതിന് കണ്ണൂർ ജില്ലക്കാരൻ കൂടിയായ മുഖ്യമന്ത്രിതന്നെ മുൻകൈയെടുക്കണം.

നടുവൊടിഞ്ഞ് അനുബന്ധ മേഖല

വിമാനത്താവളം യാഥാർഥ്യമായതോടെ വളരെയേറെ മികച്ച രീതിയിലായിരുന്നു ട്രാവൽസ് മേഖല മുന്നോട്ടുപോയിരുന്നത്. ദിവസവും നല്ലരീതിയിൽ ബിസിനസ് നടന്നു. കോവിഡ് വന്നതോടെ പ്രതിസന്ധിയിലായി. ലോക്ക്ഡൗൺ പിൻവലിച്ചതോടെ ഇത് പരിഹരിക്കാനാകുമെന്നായിരുന്നു കരുതിയത്. എന്നാൽ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലായതോടെ ബിസിനസ് അടച്ചുപൂട്ടേണ്ടി വന്നതായി കണ്ണൂർ നഗരത്തിലെ ട്രാവൽസുടമ പറഞ്ഞു. ഇത്തരത്തിൽ നിരവധി ട്രാവൽസ് ഉടമകളാണ് കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലായതോടെ അടക്കേണ്ടിവന്നത്. നഗരത്തിലെതന്നെ പ്രധാന ട്രാവൽസുകാർക്കാണെങ്കിൽ ജോലിക്കാരുടെ എണ്ണം കുറക്കേണ്ടിവന്നു. മിക്ക ട്രാവൽസുകാരും കടക്കെണിയിലാണ് മുന്നോട്ടുപോകുന്നത്.

ജില്ലയിലെ ഭൂരിഭാഗം ട്രാവൽസുകാരും ഗ്രൂപ് ടിക്കറ്റും മറ്റുമായി ഗോ ഫസ്റ്റിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഗോ ഫസ്റ്റ് നിർത്തലാക്കിയതോടെ മറ്റു വിമാനത്താവളങ്ങളിൽനിന്ന് കണ്ണൂർ ഭാഗത്തുള്ള ട്രാവൽ ഏജൻസികളെ പരിഗണിക്കാതെ വന്നു.

വിമാനത്താവളത്തിലെ യാത്രക്കാരെയും പ്രതീക്ഷിച്ച് തുടങ്ങിയ നിരവധി ടാക്സി കമ്പനികളും ഹോട്ടലുകളും അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. വിമാനത്താവളത്തിനകത്ത് പെർമിറ്റുള്ള ടാക്സികൾക്കുപോലും ഓട്ടം നന്നായി കുറഞ്ഞു. ദിവസവും വൻപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മട്ടന്നൂർ-കണ്ണൂർ, മട്ടന്നൂർ-തലശ്ശേരി, മട്ടന്നൂർ-ഇരിട്ടി പാതകളിൽ നിരവധി ഹോട്ടലുകൾ ആളില്ലാതെ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. വിമാനത്താവളം പ്രതീക്ഷിച്ച് കച്ചവടം തുടങ്ങിയ ഇവർ ബാങ്ക് ലോണെടുത്താണ് ബിസിനസ് ആരംഭിച്ചത്.

(അവസാനിച്ചു)

Tags:    
News Summary - Kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.