കണ്ണൂർ വിമാനത്താവളം

വൻകുതിപ്പ്, താഴ്ചയിലേക്ക്

നീണ്ട കാത്തിരിപ്പിനൊടുവിൽ ഉത്തരമലബാറിന് ലഭിച്ച കണ്ണൂർ വിമാനത്താവളം ഉയർച്ചയിൽനിന്ന് താഴ്ചയിലേക്ക് വഴുതിവീഴുകയാണ്. വൻ സജ്ജീകരണങ്ങളോടുകൂടി തുടങ്ങി കേവലം അഞ്ചുവർഷം കൊണ്ട് ഈ വിമാനത്താവളത്തെ ആരാണ് തകർക്കുന്നതെന്നാണ് യാത്രക്കാരുടെയും ചോദ്യം. സർക്കാറുകൾക്കുപുറമെ വിമാനത്താവള ഉടമകളായ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും (കിയാൽ) കാര്യമായി ഇടപെടുന്നില്ലെന്ന പരാതികളാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. കേന്ദ്രത്തിന് കേരളത്തോടുള്ള പകപോക്കൽ ഇതിനു പുറമെ. കോടികളുടെ ഓഹരികളെടുത്തവർക്ക് അഞ്ചുവർഷമായി ഡിവിഡന്റ് ഇനത്തിൽ നയാ പൈസപോലും ഇതുവരെ കിട്ടിയിട്ടില്ല.

വിമാനത്താവളം നടത്തിപ്പ് ലാഭകരമായാൽ നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുമെന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ നഷ്ടക്കണക്ക് മാത്രമാണ് നിരത്തുന്നതെന്നാണ് നിക്ഷേപകർ പറയുന്നത്. കൂടാതെ ഉടമകൾക്ക് ഓഹരിവിഹിതം കൈമാറാനോ കഴിയാത്ത സ്ഥിതിയാണ്. വിമാനത്താവളത്തിനായി നിക്ഷേപിച്ച ചില ഓഹരി ‍ഉടമകൾ നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നത്.

പോയന്റ് ഓഫ് കോളിന് മെട്രോ നഗരമാവണോ...

കണ്ണൂരിന് പോയൻറ് ഓഫ് കോൾ പദവി വേണമെന്ന മുറവിളി ഉയരുമ്പോഴും ഇതിനാവശ്യമായ സാഹചര്യങ്ങൾ കിയാലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുക്കിയിട്ടുണ്ടോ എന്ന ആശങ്കയാണ് പലരും മുന്നോട്ടുവെക്കുന്നത്. പോയന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിന് മുന്നേ കണ്ണൂരിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനായുള്ള പദ്ധതികൾ കേന്ദ്ര-കേരള സർക്കാറുകളും കിയാലും നടപ്പാക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾ, വിമാനത്താവളത്തിന് സമീപം മൾട്ടി സ്​പെഷാലിറ്റി ആശുപത്രി തുടങ്ങിയ നിരവധി പ്രവൃത്തികൾ ദ്രുതഗതിയിൽ ചെയ്തുതീർക്കേണ്ടതായിട്ടുണ്ട്. 4000 മീറ്റർ റൺവേ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽപോലും മന്ദഗതിയിലാണ്. ഇതിനായി സ്ഥലം കണ്ടെത്തിയിട്ട് വർഷങ്ങളായെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്തസ്ഥിതിയാണ്.

കണ്ണൂർ വിമാനത്താവളത്തിന് പോയൻറ് ഓഫ് കാൾ പദവി കേന്ദ്രസർക്കാർ നൽകിയാൽ മാത്രമേ വിദേശ വിമാന കമ്പനികൾക്ക് സർവിസുകൾ നടത്താൻ കഴിയൂ. രാജ്യത്ത് പോയന്റ് ഓഫ് കാൾ പദവികളുള്ള വിമാനത്താവളങ്ങൾ കൂടുതലാണെന്നും മെട്രോ സിറ്റിയിൽ അല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ള വിമാനത്താവളങ്ങൾക്ക് ഈ പദവി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയിൽ പി. സന്തോഷ് കുമാറിന്റെ ചോദ്യങ്ങൾക്ക് ഒടുവിൽ നൽകിയ മറുപടി.

കണ്ണൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന മട്ടന്നൂർ ഗ്രാമ പ്രദേശമല്ല, നഗരസഭയാണ്. ഇതിനകം നിരവധി രാജ്യത്തെ നിരവധി നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പോയന്റ് ഓഫ് കാൾ പദവി നൽകിയിട്ടുമുണ്ട്. വിദേശരാജ്യങ്ങളുമായി ചർച്ച നടത്തി അവിടെനിന്നും ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സർവിസുകൾ നടത്താനുള്ള അനുമതി വാങ്ങിയെടുക്കാനും കേന്ദ്രം തയാറാകുന്നില്ല. നിലവിൽ കണ്ണൂരിൽനിന്ന് എയർ ഇന്ത്യ ഉൾപ്പെടെ രണ്ട് ആഭ്യന്തര വിമാനക്കമ്പനികൾ മാത്രമാണ് സർവിസ് നടത്തുന്നത്, എന്നാൽ, അവയൊന്നും കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല, നിലവിലുള്ള സർവിസുകൾക്ക് പോലും വൈഡ് ബോഡി എയർ ക്രാഫ്റ്റുകൾ ഉപയോഗിക്കുന്നുമില്ല. ഇത് കണ്ണൂരിൽനിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിച്ചു. ചരക്കുനീക്കത്തിൽ പോയ മാസങ്ങളിൽ നല്ലൊരു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ​. 

800 കോടിയുടെ വായ്പ തിരിച്ചടവ്

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച വിമാനത്താവളത്തിന്റെ നിർമാണാവശ്യത്തിന് എടുത്ത 800 കോടി രൂപക്ക് മുകളിലുള്ള വായ്പ തിരിച്ചടക്കാനുണ്ട്. കൂടുതൽ വിമാനങ്ങൾ ഓപറേറ്റ് ചെയ്തെങ്കിൽ മാത്രമേ ലാഭകരമായും വിജയകരമായും വിമാനത്താവളം പ്രവർത്തിപ്പിക്കാൻ കഴിയൂ. കണ്ണൂർ വിമാനത്താവളം 2019-20 കാലഘട്ടത്തെ അപേക്ഷിച്ച് 2022-23ൽ 15 ശതമാനം വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാൽ, കൂടുതൽ എയർലൈനുകൾ കണ്ണൂരിലേക്ക് എത്തിയാൽ മാത്രമേ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയൂ. അല്ലെങ്കിൽ വരുംദിനങ്ങളിൽ കണ്ണൂർ വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഉറപ്പാണ്. നഷ്ടങ്ങൾക്കൊടുവിൽ വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന പ്രചാരണവും വിവിധ കോണുകളിൽനിന്ന് ഉയർന്നുകഴിഞ്ഞു.

(തുടരും)

Tags:    
News Summary - Kannur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.