മാടത്തിയിലെ കർഷകൻ ജോളിയോയാങ്കിന്റെ വാഴകൾ നിലം പൊത്തിയ നിലയിൽ
ഇരിട്ടി: ഓണം വിപണി ലക്ഷ്യമാക്കി നട്ട് നനച്ച നേന്ത്രവാഴകൾ പൊരുമഴ്കക്കാലത്ത് നിലംപൊത്തുന്നത് കണ്ട് തലയിൽ കൈവെച്ച് നെടുവീർപ്പിടുകയാണ് ഇരിട്ടി മാടത്തിയിലെ വാഴ കർഷകൻ ജോളിയോയാങ്ക്. മൂന്നുമാസമായി തുടരുന്ന തോരാ മഴകാരണം കൃഷിയിടത്തിൽ വെള്ളം കെട്ടി നിന്ന് ജോണിയുടെ കുലക്കാറായ 1500 ഓളം വാഴകളാണ് നിലംപൊത്തിക്കൊണ്ടിരിക്കുന്നത്. കരഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
ഒമ്പത് മാസത്തെ പരിചരണം കഴിഞ്ഞ് രണ്ടാൾപൊക്കത്തിൽ വളർന്ന വാഴകളാണ് ഒന്നൊന്നായി വീഴുന്നത്. തുടർച്ചയായ മഴകാരണം വെള്ളം ഇറങ്ങി വഴയുടെ കാണ്ഡവും പേരും ചീഞ്ഞു പോയി. കുലകളെ പുറത്തേക്ക് തള്ളാൻ ശേഷിയില്ലാത്ത നിലയിൽ നിൽക്കുകയാണ്. കുലച്ച വാഴകൾ തന്നെ വളരെ ചെറുതുമാണ്.
വിപണി മൂല്യം ഇല്ലാത്ത ഇത്തരം കുലകൾകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. ജോളി എല്ലാ വാഴകളും ഇൻഷുർ ചെയ്തിരുന്നു. കഴിഞ്ഞ വേനൽ മഴയിൽ ഉണ്ടായ കാറ്റിൽ ആയിരത്തോളം കുലച്ച വാഴകൾ നശിച്ചിരുന്നു.അന്നും ബാങ്കിൽ നിന്നും ലോൺ എടുത്ത് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത്.
കൃഷിവകുപ്പിന്റെ നിലപാട് ഇരുട്ടടി കഴിഞ്ഞദിവസം കൃഷിയിടം പരിശോധിക്കാൻ എത്തിയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കുലച്ച് മറിഞ്ഞുവീണ വാഴകൾക്ക് മാത്രമേ പൂർണമായും നഷ്ടപരിഹാരം നൽകുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. ഇൻഷുർ പ്രകാരം കുലച്ച വാഴക്ക് 300ഉം കുലക്കാത്ത വാഴക്ക് 180 രൂപയുമാണ് അനുവദിക്കുന്നത്.
കുലക്കാൻ പ്രായമായിട്ടും കാലവർഷക്കെടുതിമൂലം വെള്ളം ഇറങ്ങി വേരും കാണ്ഡവും ചീഞ്ഞ വാഴകളുടെ കുല എങ്ങനെ പുറത്തേക്ക് വരുമെന്നാണ് ജോണി ചോദിക്കുന്നത്. ഇൻഷുർ ചെയ്ത തീയതി കണക്കാക്കിയാൽ തന്നെ വാഴകൾ കുലച്ച് കുല വെട്ടേണ്ടുന്ന സമയമാണ്.
180 രൂപ നഷ്ടപരിഹാരം അനുവദിക്കുവാനുള്ള നീക്കമാണ് നിലവിൽ നടത്തുന്നത്. ഇങ്ങനെ അനുവദിച്ചാൽ അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകും. കഴിഞ്ഞ വേനൽ മഴയിൽ ഉണ്ടായ നഷ്ടത്തിൽ നട്ടം തിരിയുമ്പോഴാണ് ഇത്തവണയും ജോണി പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.