ഷിംശിപാ പൂക്കളുമായി ദോര്‍ജിയും ഭാര്യയും
ഇരിട്ടി: കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കച്ചേരിക്കടവ് എന്ന ഗ്രാമത്തിലാണ് ദോര്‍ജി താമസിക്കുന്നത്. മരങ്ങളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്ന പ്രകൃതിസ്നേഹി. അദ്ദേഹത്തിന്റെ പറമ്പില്‍ ചെന്നാല്‍ ഒരു കാട്ടിലെത്തിയതുപോലെ തോന്നും.
ഒരിക്കല്‍ ഒരു സുഹൃത്ത് ശ്രീലങ്കയില്‍ നിന്ന് അയച്ചുകൊടുത്ത ഒരു ഫോട്ടോയാണ് കച്ചേരിക്കടവ് മുടിക്കയത്തെ കപ്പലുമാക്കല്‍ ദോര്‍ജിയുടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടാക്കിയത്. അത് പുരാണങ്ങളില്‍ പറയുന്ന, സീതാദേവി ലങ്കയില്‍ ഇരുന്ന അശോകവനത്തിലെ 'ഷിംശിപാ' മരമായിരുന്നു. ആ മരം എങ്ങനെയെങ്കിലും തന്റെ മണ്ണിലും വളര്‍ത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒടുവില്‍ പത്ത് വര്‍ഷം മുമ്പ് അതിന്റെ ഒരു തൈ സംഘടിപ്പിച്ചു. ഇന്ന് ആ മരം അദ്ദേഹത്തിന്റെ മുറ്റത്ത് പൂത്തുനില്‍ക്കുന്നു.
ദോര്‍ജിയുടെ മറ്റൊരു പ്രത്യേകത പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ്. യേശുദാസിന്റെ പാട്ടുകളില്‍ കേള്‍ക്കുന്ന പൂക്കളെയും മരങ്ങളെയും അദ്ദേഹം തേടിപ്പിടിക്കും. 'മാനം പിച്ചകപ്പൂ പന്തലിട്ടു' എന്ന പാട്ട് കേട്ടപ്പോള്‍ പിച്ചകം എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ അദ്ദേഹത്തിന് ആകാംക്ഷയായി. ഒടുവില്‍ നഴ്‌സറികള്‍ കയറിയിറങ്ങി പിച്ചകം കണ്ടെത്തി തന്റെ പറമ്പില്‍ നട്ടു.
അതുപോലെ തന്നെ പവിഴമല്ലിയും കായാമ്പൂവും എല്ലാം പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം തന്റെ ശേഖരത്തിലെത്തിച്ചു. വേറിട്ടൊരു കര്‍ഷകന്‍ എന്നതിലുപരി വനവാസികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ് ദോര്‍ജി.
പാമ്പ് വിഷത്തിന് മരുന്നായി ഉപയോഗിക്കുന്ന 'അണലി വേഗം' എന്ന ചെടി അദ്ദേഹം വയനാട്ടിലെ ഒരു ആദിവാസി മൂപ്പനില്‍ നിന്നാണ് വാങ്ങിയത്. ആ മൂപ്പനോടുള്ള ബഹുമാനസൂചകമായി 'വള്ളി മൂപ്പന്‍' എന്നാണ് അദ്ദേഹം ആ ചെടിക്ക് പേരിട്ടിരിക്കുന്നത്.
22 തരം മാവുകളും, 40ലധികം ഫലവൃക്ഷങ്ങളും, ഔഷധസസ്യങ്ങളും നിറഞ്ഞ ദോര്‍ജിയുടെ പറമ്പ് ഇന്ന് ഒരു ചെറിയ വനം പോലെയാണ്. എവിടെയെങ്കിലും പുതിയൊരു ചെടിയുണ്ടെന്ന് കേട്ടാല്‍ അടുത്ത നിമിഷം അത് തേടി യാത്രതിരിക്കുന്ന ദോര്‍ജി വരും തലമുറക്ക് പ്രകൃതിയെ എങ്ങനെ സ്‌നേഹിക്കണം എന്നതിന് വലിയൊരു ഉദാഹരണമാണ്.
മരങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട് എന്ന് വിശ്വസിക്കുന്ന ദോര്‍ജി അവക്ക് കൂട്ടായി പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.