കണ്ണൂർ: വളപട്ടണം സർവിസ് സഹകരണ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത്. അക്കൗണ്ടിലെ പണം മാസങ്ങളായി പിൻവലിക്കാൻ കഴിയുന്നില്ലെന്നും ഇതേകുറിച്ച് ചോദിച്ചാൽ കൃത്യമായ മറുപടിപോലുമില്ലെന്നുമാണ് പരാതി. അത്യാവശ്യകാര്യത്തിനുപോലും പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ നൂറുകണക്കിന് നിക്ഷേപകർ വെട്ടിലായി.
പണമിടപാടിനെ ചൊല്ലി ഇടപാടുകാരും ബാങ്ക് ജീവനക്കാരും തമ്മിൽ മിക്ക ദിവസവും വാക്കേറ്റവുമുണ്ട്. പണം ലഭിക്കാതെ പുറത്തുപോവില്ലെന്ന് വാശിപിടിക്കുന്നതോടെ രാത്രി വൈകിയും ബാങ്ക് അടക്കാൻ കഴിയാത്ത സാഹചര്യവുമാണ്. പൊറുതിമുട്ടിയ നിക്ഷേപകർ ബാങ്ക് തുറക്കാൻ സമ്മതിക്കില്ലെന്ന നിലപാടെടുത്തിരിക്കുകയാണ്. ഇതോടെ, വ്യാഴാഴ്ച അടിയന്തര ഭരണസമിതി യോഗം ചേർന്ന് നിക്ഷേപകരുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
യു.ഡി.എഫ് ഭരിക്കുന്ന വളപട്ടണം സർവിസ് സഹകരണ ബാങ്കിൽ 13 ഡയറക്ടർമാരാണുള്ളത്. ഇതിൽ ഏഴുപേർ മുസ്ലിം ലീഗിന്റെയും ആറുപേർ കോൺഗ്രസിന്റേതുമാണ്. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് അടുത്തിടെയാണ് പ്രതിസന്ധിയിലായത്. പ്രശ്നപരിഹാരത്തിന് കേരള ബാങ്കിൽനിന്ന് അഞ്ച് കോടി വായ്പ പാസായെങ്കിലും ഫയലിൽ സഹകരണവകുപ്പിൽനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല.
ജീവനക്കാരും നിക്ഷേപകരും തമ്മിലെ ബഹളം കാരണം വളപട്ടണം പൊലീസും വിഷയത്തിലിടപ്പെട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയെ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇൻസ്പെക്ടർ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 10 ജീവനക്കാരുള്ള ബാങ്കിൽ കാഷ്യറുടെ കാബിനിൽ ആരും ഇരിക്കാത്ത സ്ഥിതിയാണ്.
അനർഹരായ ചില വായ്പകളും തുടർന്നുള്ള കിട്ടാക്കടവുമാണ് പ്രതിസന്ധി വർധിക്കാനിടയായതെന്നാണ് സൂചന. നിക്ഷേപകരുടെ സാന്നിധ്യം കണക്കിലെടുത്ത് ചില ഇടപാടുകൾ പുറത്തുവെച്ച് നടത്തുന്നുവെന്ന പരാതിയുമുണ്ട്. ബാങ്ക് അധികൃതരുടെ സ്വന്തക്കാരായ ചിലർക്ക് പണം പിൻവലിക്കാൻ കഴിയുന്നതായും നിക്ഷേപകർ ആരോപിച്ചു. പ്രതിസന്ധി പരിഹരിക്കാൻ വിവിധ ബാങ്കുകളിൽനിന്ന് ഭരണസമിതി വായ്പക്ക് ശ്രമിക്കുന്നുണ്ട്.
കണ്ണൂർ: കൂടുതൽ നിക്ഷേപകർ ഒരേസമയം അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതാണ് പ്രതിസന്ധിയെന്നും വിഷയം പരിഹരിച്ചുവരുകയാണെന്നും വളപട്ടണം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പ്രസിഡന്റ് ബി.ടി. മൻസൂർ.
ഏത് ബാങ്കിനുമുണ്ടാകുന്ന പ്രശ്നമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ബാങ്കിൽ അഴിമതിയോ വെട്ടിപ്പോ നടന്നിട്ടില്ലെന്നത് ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും കേരള ബാങ്കിൽനിന്ന് വായ്പ പാസായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.