എടക്കാട്ടെ അടിപ്പാത സമരം ലക്ഷ്യം കാണുമെന്ന് സൂചന

എടക്കാട്: കണ്ണൂർ - തലശ്ശേരി ദേശീയപാത ആറുവരിപ്പാത കടന്നു പോകുന്ന എടക്കാട് ബസാറിൽ അടിപ്പാതക്ക് വേണ്ടിയുള്ള കർമ്മസമിതിയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി തിരുവനന്തരപുരത്ത് എത്തിയ എടക്കാട് കർമ്മസമിതി ഭാരവാഹികൾ ദേശീയ പാത അതോറിറ്റി കേരള റീജിണൽ ഓഫീസർ ബി, എൽ. മീണയെ കണ്ട് വിഷയം അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

ഈ വിഷയം ഗൗരവത്തോടെ കാണുകയും പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കർമ്മസമിതി ഭാരവാഹികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എടക്കാട് റെയിൽവെ സ്റ്റേഷനടുത്തായി അടിപ്പാതയുടെ പണി പുരോഗമിക്കുകയാണെന്നും തൊട്ടടുത്ത് തന്നെ അത്തരത്തിലൊരു അടിപ്പാത പ്രായോഗികമല്ലെന്നും എന്നാൽ മറ്റു സംവിധാനത്തിലൂടെ മാർഗം കണ്ടെത്തുന്നതിനെ കുറിച്ച് പഠിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരത്തെത്തിയ കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിലും നിവേദനം നൽകി, അടിപ്പാത ആവശ്യം പരിഗണിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു'.

ഈ ആവശ്യമുയർത്തി എടക്കാട് ഹർത്താലുൾപെടെ കണ്ണൂരിൽ ബഹുജന ധർണ നടത്തുകയും നിരവധി നിവേദനങ്ങളും ബന്ധപ്പെട്ടവർക്കും ജനപ്രതിനിധികൾക്കും നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിലാണ് കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ തിരുവനന്തപുരത്ത് നാഷണൽ ഹൈവേ അതോറിറ്റി അധികൃതരെ കണ്ട് വിഷയമവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തത്. കർമ്മസമിതി ചെയർമാൻ പി.കെ. പുരുഷോത്തമൻ. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. ജയരാജൻ, കടമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ. ഗിരീശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ഒ. രാജേഷ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

വിഷയം ഗൗരവമാണെന്നും ഈ വിഷയം കേന്ദ്ര മന്ത്രി ഗഡ്ഗരിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ സഭയിൽ ഉന്നയിക്കുമെന്നും കെ. സുധാകരൻ എം.പി അറിയിച്ചു. അടിപ്പാതയുടെ ആവശ്യവുമായി വേണ്ടി വന്നാൽ കേന്ദ്ര മന്ത്രി ഗഡ്ഗരിയെ കാണാനും ആക്ഷൻ കമ്മിറ്റി ശ്രമിക്കുന്നുണ്ട്.

Tags:    
News Summary - Indications are that the Edakkat underground strike will see its target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.