ഉംറാസിൽ ഉമ്മർകോയ
പാനൂർ: ഒരു വർഷം പിന്നിട്ടിട്ടും ജൂലൈ 30 മലയാളിയുടെ മനസ്സിൽ മായാത്ത മുറിവായി തുടരുകയാണ്. ചൂരൽമലയെയും മുണ്ടക്കൈയെയും വിഴുങ്ങിയ ആ മഹാദുരന്തം നൂറുകണക്കിന് ജീവനുകളും സ്വപ്നങ്ങളുമാണ് മണ്ണിനടിയിലാക്കിയത്.
അർധരാത്രിയോടെ ആരംഭിച്ച ഉരുൾപൊട്ടൽ മണിക്കൂറുകൾക്കകം ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഔദ്യോഗിക കണക്കിൽ 298 മരണങ്ങൾ സ്ഥിരീകരിച്ചെങ്കിലും, കാണാതായ പ്രിയപ്പെട്ടവരുടെ ഓർമകളുമായി ഇന്നും നിരവധി കുടുംബങ്ങൾ കാത്തിരിപ്പിലാണ്.
മലപ്പുറത്തെ ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. ദുരന്തത്തിനുശേഷം മേപ്പാടി ജുമാ മസ്ജിദിൽ മത-ജാതി വേർതിരിവില്ലാതെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളെ യാത്രയയച്ച കാഴ്ച മനുഷ്യസ്നേഹത്തിന്റെ അപൂർവ അധ്യായമായി മാറി. അതേസമയം, ഇന്ത്യൻ സൈന്യം അതിവേഗം നിർമിച്ച ബെയിലി പാലവും രക്ഷാപ്രവർത്തനവും ദുരന്തഭൂമിക്ക് പ്രതീക്ഷയുടെ വെളിച്ചമായി.
ആ ദുരന്തത്തിന്റെ ഓരോ ഓർമയും ഇന്ന് സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ചൊക്ലി മത്തിപ്പറമ്പിലെ 'ഉംറാസ്' എന്ന വീട്ടിലാണ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട 1,300ലധികം ചിത്രങ്ങളും മണ്ണിനടിയിലായ 163 പേരുടെ ഓർമച്ചിത്രങ്ങളും ഉൾപ്പെടെ നൂറുകണക്കിന് രേഖകളാണ് ഇവിടെ ശേഖരിച്ചിരിക്കുന്നത്.
ദുരന്തവാർത്തകൾ മാത്രം ഉൾപ്പെടുത്തി 200 പേജുകൾ വീതമുള്ള നാല് വലിയ ഗ്രന്ഥങ്ങളും ഉംറാസ് തയാറാക്കിയിട്ടുണ്ട്. ഓരോ താൾ മറിക്കുമ്പോഴും വയനാടിന്റെ വേദന വീണ്ടും മനസ്സിലേക്ക് ഒഴുകിയെത്തും.
കഴിഞ്ഞ 42 വർഷമായി വാർത്തകളും ചരിത്രരേഖകളും അപൂർവ ശേഖരങ്ങളും സമാഹരിച്ചുവരുന്ന ഉംറാസിന്റെ വീട്ടിൽ 1900 മുതൽ ഇന്നുവരെയുള്ള പത്രവാർത്തകളും ചരിത്രസംഭവങ്ങളും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും തിരഞ്ഞെടുപ്പ് റിപ്പോർട്ടുകളും ഉൾപ്പെടെ അപൂർവമായ ഒരു സ്വകാര്യ ചരിത്രശേഖരമാണുള്ളത്. അമേരിക്കയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന സമീക്ഷ മാസികയിലെ സ്ഥിരം എഴുത്തുകാരൻ കൂടിയായ ഉംറാസ്, ചരിത്രത്തെ രേഖപ്പെടുത്തുക എന്നത് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്.
ജൂലൈ 30 വീണ്ടും കടന്നുവരുമ്പോൾ ഉംറാസിന്റെ ആ ശേഖരത്തിലെ ഓരോ ചിത്രവും ഓരോ വാർത്തയും നമ്മെ ഒരേയൊരു കാര്യം ഓർമിപ്പിക്കുന്നു. ദുരന്തങ്ങൾ ചരിത്രത്തിൽ രേഖപ്പെടാം; പക്ഷേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.