മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ കെട്ടിയാടി; ഇന്ന് നാടുചുറ്റും

പഴയങ്ങാടി: കർക്കടകം 16ാം നാളായ ശനിയാഴ്ച മാരിത്തെയ്യങ്ങൾ മാടായിപ്പാറയിലെ മാടായിക്കാവിൽ കെട്ടിയാടി. കർക്കടകവ്യാധിയും ഭാരിദ്ര്യവും ദോഷവുമകറ്റാൻ മാരിത്തെയ്യങ്ങൾ ഞായറാഴ്ച നാടുചുറ്റാനിറങ്ങും. ദുരിതവും ദീനവുമകറ്റാൻ നാടുചുറ്റുന്നതിന്റെ തലേദിവസമായ കർക്കടകം 16ന് ഉത്തരമലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നതാണ് കീഴ്വഴക്കം.

മാടായിയിലാണ് ഞായറാഴ്ച തെയ്യങ്ങൾ നാടുചുറ്റി ശനി ഒഴിപ്പിക്കാനിറങ്ങുന്നത്. പുലയസമുദായത്തിലുള്ളവരാണ് മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നത്. കലാഭംഗിയോടെ കുരുത്തോലകൾ കൊണ്ട് കെട്ടിയൊരുക്കുന്ന തെയ്യങ്ങൾ ഭീതി പടർത്തുന്ന മുഖംമൂടി ധരിച്ച്, ഒരു കുരുത്തോല കുത്തിപ്പിടിച്ച് നൃത്തം ചവിട്ടുന്നു. മാരിത്തെയ്യങ്ങൾ മറ്റ് തെയ്യക്കോലങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമാണ്. തെയ്യങ്ങൾക്ക് മത, ജാതിഭേദമന്യേ ആബാലവൃദ്ധം ജനങ്ങൾ കർക്കടകമാസത്തിൽ വൻ വരവേൽപ്പാണ് നൽകാറുള്ളത്. കൂടുതൽ പേർ കെട്ടിയാടുന്നതാണ് പ്രധാന വൈവിധ്യം. ഏഴ് മുതൽ ഒമ്പത് വരെ എണ്ണം തെയ്യങ്ങളാണ് കെട്ടിയാടുന്നത്. പുലയസമുദായത്തിലുള്ളവർ മാത്രമാണ് മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നത്. ഇതിന്റെ ആചാരങ്ങൾക്കും പൂജകൾക്കും കാർമികത്വവും പുലയസമുദായത്തിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. പുലയസാഹിത്യത്തിൽ പൈതൃകമായി വാമൊഴിയായി പകർത്തിയ പാട്ടുകളാണ് തെയ്യങ്ങൾക്ക് അകമ്പടിയിൽ പാടുന്നത്.

വീടുകൾ മുതൽ കാലിത്തൊഴുത്തുകളടക്കം വലംവെച്ചാണ് തെയ്യങ്ങൾ ആധി, വ്യാധിയും ദീനവും ശനിയും ആവാഹിച്ചെടുത്ത് നാട്ടിൽ നിന്ന് ഒഴിപ്പിക്കുന്നത്. മാരിപ്പനി, മാരിക്കുരിപ്പ് (വസൂരി) തുടങ്ങി മാരിദീനങ്ങളും ദുരിതവും ദാരിദ്യവും ശനിയും ഒഴിപ്പിക്കാൻ മാരിത്തെയ്യങ്ങൾക്ക് മാത്രമാണ് സാധ്യമാവുകയെന്ന് ദേവപ്രശ്നത്തിൽ കണ്ടെത്തിയെന്നാണ് ഐതിഹ്യം. എന്നാൽ ശനിയകറ്റാൻ കാർമികൾ ശ്രമിച്ചെങ്കിലും എല്ലാ ശനികളെയും മാറ്റാനായില്ലെന്നും 101 ശനികളെയും മാറ്റാൻ പുലയസമുദായത്തിലെ മാരിത്തെയ്യങ്ങൾക്ക് മാത്രം സാധ്യമായെന്നും മാരിത്തെയ്യങ്ങൾ നാട്ടിലെ ആധിയും വ്യധിയും ഒഴിപ്പിച്ച് സമൃദ്ധമാക്കി എന്നുമാണ് ഐതിഹ്യം.

മാരിക്കലിച്ചി, മാമാരിക്കലിച്ചി, മാരിക്കരുവൻ, മാമാരിക്കരുവൻ, മാരി ഗുളികൻ, മാരി പൊട്ടൻ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. നാട്ടിൽ കെട്ടിയാടി വലം വെച്ച് ആവാഹിച്ചെടുക്കുന്ന ശനിയെ സന്ധ്യയോടെ കടൽത്തീരത്തെ പ്രത്യേക പൂജക്കുശേഷം കടലിൽ ഒഴുക്കിക്കളയുന്നതാണ് ആചാരം.

Tags:    
News Summary - Maritheyams were tied in Madayikavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.