കണ്ണൂർ: കാലവർഷം ശനിയാഴ്ച എത്തിയതോടെ മഴ കനക്കുന്നു. 15 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. സാധാരണയിലും കൂടുതൽ മഴയാണ് ഇത്തവണ വേനലിൽ അടക്കം ലഭിച്ചത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. കാലവർഷത്തിനൊപ്പം നാശനഷ്ടങ്ങളും പരക്കെയുണ്ടായി.
കിണർ കുഴിക്കുന്നതിനിടെ മാഹി അഴിയൂരിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരിച്ചു. കരിയാട് പടന്നക്കരയിലെ കുളത്ത് വയൽവീട് സാമികുട്ടിയുടെ മകൻ രജീഷ് (48) ആണ് മരിച്ചത്. തലശ്ശേരിയിൽ കൂറ്റൻ മരം കടപുഴകി ഇരുചക്രവാഹനങ്ങൾ തകർന്നു. പിണറായിയിൽ ഓടികൊണ്ടിരുന്ന ഇരുചക്രവാഹനത്തിനു മുകളിലേക്ക് തെങ്ങ് വീണ് യാത്രികന് പരിക്കേറ്റു.
ദേശീയപാതയിൽ അടക്കം വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്ത് കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതോടെ പലയിടങ്ങളിലും കനത്ത കാറ്റാണ് അനുഭവപ്പെട്ടത്. പെരിങ്ങോം, ചെമ്പേരി, മട്ടന്നൂർ എന്നിവിടങ്ങളിൽ ശക്തമായ കാറ്റാണ് അടിച്ചത്.
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേയ് 26ന് നിശ്ചയിച്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാതല അവലോകന യോഗം മാറ്റിവെച്ചതായി ജില്ല കലക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജില്ലയിൽ കനത്ത മഴ പെയ്യുകയും അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. സെക്കൻഡിൽ 111.9 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.