തളിപ്പറമ്പ് ദേശീയപാതയിൽ പൂക്കോത്ത് നടയിൽ കെ.വി. ശശിധരന്റെ വീട് തകർന്ന നിലയിൽ
കണ്ണൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ കൃഷിനാശം തുടരുന്നു. കൂടാതെ വിവിധ താലൂക്കുകളിൽ വീടുകളും തകരുന്നു. തളിപ്പറമ്പ് താലൂക്ക് പരിധിയിൽ ഒരു വീട് പൂർണമായും എട്ട് വീട് ഭാഗികമായും തകർന്നു.
പൂക്കോത്ത് നടയിലെ കെ.വി. ശശിധരന്റെ വീട് പൂർണമായും മൊറാഴ വില്ലേജിലെ കമലാക്ഷി, ഇരിക്കൂർ വില്ലേജിലെ റൂബിയ, നിടിയേങ്ങ വില്ലേജിലെ ബേബി മുണ്ടക്കാട്ട്, ഇ.ജി സിന്ധു, മലപ്പട്ടം വില്ലേജിലെ റഷീദ നടുക്കുന്ന്, നടുവിൽ വില്ലേജിലെ കാവുംപുറത്ത് ജോൺ എന്നിവരുടെ വീട് ഭാഗികമായുമാണ് തകർന്നത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ശ്രീകണ്ഠാപുരത്തെ കെ.ടി. അലീമയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. പട്ടുവം വില്ലേജ് മുതുകുട പള്ളിക്ക് സമീപം കുന്നിടിഞ്ഞും മരം പൊട്ടി വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടു. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ രണ്ടു കുടുംബങ്ങൾക്ക് മാറിതാമസിക്കാൻ നോട്ടീസ് നൽകി. അതേസമയം, ചൊവ്വാഴ്ച ജില്ലയിൽ മഴക്ക് നേരിയ കുറവുണ്ടായി.
കണ്ണൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ കൃഷിനാശം തുടരുന്നു. 11, 12 തീയതികളിലായി 72.33 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. 17.41 ഹെക്ടറിൽ 371 കർഷകരുടെ കൃഷിയാണ് നശിച്ചത്. 11.78 ഹെക്ടറിലെ 13,200 വാഴകൾ നശിച്ചപ്പോൾ 63.86 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഇതിൽ 7672 കുലക്കാത്ത വാഴയും 5528 കുലച്ച വാഴകളുമാണ്. 251 കർഷകരെയാണ് ഇത് ബാധിച്ചത്. 0.40 ഹെക്ടറിൽ 15 കർഷകരുടെ 116 ടാപ്പ് ചെയ്യുന്ന റബർ മരങ്ങൾ നശിച്ചു. ഇതിലൂടെ 2.32 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 0.08 ഹെക്ടറിൽ 12 കർഷകരുടെ 12 കായ്ഫലമുള്ള തെങ്ങുകൾ നശിച്ചപ്പോൾ 60,000 രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് ഹെക്ടറിലെ നെൽകൃഷി നശിച്ചു. 35 കർഷകർക്ക് 4.50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 23 കർഷകരുടെ 0.50 ഹെക്ടറിലെ 35 കവുങ്ങ് നശിച്ചപ്പോൾ 11,000 രൂപയുടെ നഷ്ടമുണ്ടായി. 0.45 ഹെക്ടറിൽ 72 കശുമാവിൻ മരങ്ങൾ നശിച്ചപ്പോൾ 16 കർഷകർക്ക് 72,000 രൂപയുടെ നഷ്ടം. ഒരു ഹെക്ടറിലെ മരച്ചീനി നശിച്ചതോടെ 13,000 രൂപയുടെ നഷ്ടമാണ് 18 കർഷകർക്കുണ്ടായത്. 0.20 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചപ്പോൾ ഒരു കർഷകന് 9000 രൂപയുടെ നഷ്ടമുണ്ടായി.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 16 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴകൊണ്ട് അർഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതി ജാഗ്രത പാലിക്കണം.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 16 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുത്.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ബുധനാഴ്ച രാത്രി 11.30 വരെ 3.1 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.