ചൊവ്വാഴ്ചയിലെ കനത്ത കാറ്റിൽ തലശ്ശേരി സെന്റിനറി പാർക്കിൽ സ്ഥാപിച്ച സംഗീതജ്ഞൻ
കെ. രാഘവൻ മാസ്റ്ററുടെ പ്രതിമ അനാവരണം ചെയ്ത ഗ്ലാസ് വീണു പൊട്ടിയ നിലയിൽ
കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂരിൽ ചൊവ്വാഴ്ച വ്യാപക മഴയിലും കാറ്റിലും പരക്കെ നാശം. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് പൂർണമായും തകര്‍ന്നത്.
തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം കടപുഴകി വീണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുര തകർന്നു.
കുട്ടികൾ ഇല്ലാത്ത സമയമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ ബുധനാഴ്ച ജില്ലയിലെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടി, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, മദ്റസകൾ ഉൾപ്പെടെയാണ് അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കലക്ടർ പറഞ്ഞു.
ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിലടക്കം മണ്ണിടിച്ചിലുണ്ടായി. തവിടിശ്ശേരി കിഴക്കേക്കര പടിഞ്ഞാറേക്കര എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന തടയണ ഭാഗികമായി തകർന്ന് മൂന്നുപേർക്ക് നിസാര പരിക്കേറ്റു.
രണ്ട് ദിവസമായി മലയോരത്തടക്കം കനത്ത മഴയാണ്. 59.7 മി.മീ മഴയാണ് ജില്ലയിൽ തിങ്കളാഴ്ച പെയ്തത്. 33.1 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ബുധനാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടവും ദുരന്തനിവാരണ സേനയും ജാഗ്രതയിലാണ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ എട്ട് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ ആറ് വരെ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ജൂലൈ ഏഴ് മുതൽ എട്ട് വരെ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുമുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
കണ്ണൂർ ജില്ല ആശുപത്രി ബസ് സ്റ്റാൻഡിൽ മരം കടപുഴകി സ്വകാര്യ ബസിന് മുകളിൽ പതിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിലെ തണൽമരമാണ് വീണത്. കണ്ണൂർ -അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന് മുകളിലാണ് മരം വീണത്. ആളപായമില്ല. സംഭവസമയത്ത് യാത്രക്കാർ സ്ഥലത്തില്ലാത്തതിനാൽ അപകടം ഒഴിവായി. ബസിന് കേടുപാടുകൾ പറ്റി.
പയ്യന്നൂർ: രണ്ടു ദിവസങ്ങളിലായുള്ള കനത്ത മഴയിൽ പയ്യന്നൂരും പരിസരങ്ങളിലും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നാശം വിതച്ചു. എരമം കുറ്റൂർ പഞ്ചായത്ത് വെള്ളോറ വില്ലേജിൽ വെങ്ങോലയിൽ ടി.ജെ സേവ്യറിന്റെ വീട് തെങ്ങ് വീണ് ഭാഗികമായ തകർന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുരയുടെ മുകളിൽ മരം കടപുഴകി വീണു. രാത്രിയായതിനാൽ ദുരന്തം വഴിമാറി. വിദ്യാർഥികൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഇവിടെ വെച്ചാണ്. പെരിന്തട്ട വില്ലേജ് തണ്ടനാട്ട് പൊയിൽ കണ്ണാടിപ്പൊയിൽ ഭാഗത്ത് ജില്ല പഞ്ചായത്ത് റോഡിന്റെ പാർശ്വഭിത്തി റോഡിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കുമൂലം ഭാഗികമായി തകർന്നു.
തവിടിശ്ശേരി കിഴക്കേക്കര പടിഞ്ഞാറേക്കര എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന തടയണ ഭാഗികമായി തകർന്നു. സ്ഥലത്തുണ്ടായിരുന്ന പി.വി. സതീശൻ( എരമം), എം. രാജീവൻ, എം. ദിനേശൻ (പെരിന്തട്ട) എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ചെറുതാഴം വില്ലേജിൽ വിദ്യാനഗറിൽ റോസക്കുട്ടി ജോസഫിന്റെ വീടിന് മണ്ണിടിച്ചൽ ഭീഷണി ഉള്ളതിനാൽ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. ദേശീയ പാതയിൽ വിളയാങ്കോട് ബാങ്കിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡിൽ വൻ ഗർത്തം പ്രത്യക്ഷപ്പെട്ടു. നാട്ടുകാർ കുഴിയിൽ മണ്ണിട്ട് കൊടിനാട്ടിയതിനാൽ അപകടം ഒഴിവായി.
കണ്ണൂർ: ജില്ലയിൽ കാലവർഷം കനത്തതോടെ കൂടുതൽ നിരോധനങ്ങളുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. മലയോര മേഖലയിലേക്ക് അവശ്യ സർവിസ് ഒഴികെ രാത്രി പത്തിന് ശേഷമുള്ള ഗതാഗതം നിരോധിച്ചു. ക്വാറി, മൈനിങ്, ക്രഷർ പ്രവർത്തനങ്ങളും നിർത്തിവെക്കണം.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾെപ്പടെയുള്ള വിനോദ സഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ജൂലൈ ഏഴുവരെയാണ് നിരോധനം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളയതിനാൽ മലയോരത്ത് അതിജാഗ്രത പാലിക്കാനും ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചൊവ്വാഴ്ച തീരുമാനിച്ചു.
ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജം. ഏതാവശ്യത്തിനും വിളിക്കാം.
കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300. താലൂക്ക് ഓഫിസ് -കണ്ണൂർ: 0497 2704969 തളിപറമ്പ്: 0460 2203142, തലശ്ശേരി: 0490 2343813, ഇരിട്ടി: 0490 2494910, പയ്യന്നൂർ: 04985 294844.
അടിയന്തര സഹായത്തിനായി പൊലീസിലും ഫയർഫോഴ്സിലും വിളിക്കാം: പൊലീസ്: 0497 2709030, ഫയർഫോഴ്സ്: 0497 2706900, ഫിഷറീസ് കൺട്രോൾ റൂം: 0497 2732487.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.