കണ്ണൂരിൽ കനത്ത മഴ; ദുരിതം

ഇരിട്ടി: കാലവർഷം കനത്തതോടെ ഉളിക്കൽ മേഖലയിൽ യാത്രാക്ലേശത്തിന്റെ തനിയാവർത്തനമായി രണ്ട്‌ പാലങ്ങൾ വെള്ളത്തിൽ മുങ്ങി. വയത്തൂർ, മാട്ടറ- മണിക്കടവ്‌ പാലങ്ങളാണ്‌ പുഴകവിഞ്ഞ്‌ വെള്ളത്തിനടിയിലായത്‌. വട്ട്യാംതോട്‌ പാലവും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്‌. ഒരേ പുഴയിലാണീ മൂന്ന്‌ പാലങ്ങളും. പുഴയിൽ ജലനിരപ്പുയർന്നാൽ ഈ പാലങ്ങളിലൂടെയാവും പുഴയുടെ ഒഴുക്ക്‌. അതോടെ ഗതാഗതം മുടങ്ങും. മൂന്ന് പാലങ്ങളിൽ വട്ട്യാംതോട്‌, മാട്ടറ പാലങ്ങൾ വർഷങ്ങൾക്കുമുമ്പ്‌ നാട്ടുകാരുടെ സഹായത്തോടെയാണ്‌ നിർമിച്ചത്‌.

കാലപ്പഴക്കവും നിരപ്പ്‌ വ്യത്യാസം കാരണമുണ്ടാവുന്ന വെള്ളപ്പൊക്കവും നേരിടുന്ന ഈ പാലങ്ങൾക്കുപകരം പുതിയ പാലങ്ങൾ നിർമിക്കണമെന്ന നാടിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. രണ്ടുവർഷം മുമ്പ് മണിക്കടവ് പാലത്തിൽ നിന്ന് ജീപ്പ് മറിഞ്ഞു ഒരാൾ മരിച്ചിരുന്നു. അന്ന് മന്ത്രിമാരും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഉളിക്കലിന്റെ മലമ്പ്രദേശത്തുകാർ നേരിടുന്ന മൂന്ന്‌ പാലങ്ങൾ വഴിയുള്ള ദുരിതയാത്രക്ക്‌ ഇന്നും അറുതിയായിട്ടില്ല. നിരവധി അപകടങ്ങൾ നേരിട്ട ഈ പാലങ്ങളിലൂടെ ഈ മൺസൂണിലും വിദ്യാർഥികളടക്കം ജീവൻ പണയംവെച്ച്‌ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്‌. ഓഫിസുകളിലും സ്കൂളുകളിലും പോകേണ്ട ആളുകൾ എത്രകാലം മഴയുടെ കനിവ് കാത്തുകഴിയണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

മാക്കൂട്ടം ചുരംപാത മണ്ണിടിച്ചിൽ ഭീഷണിയിൽ

ഇരിട്ടി: മടിക്കേരി, വീരാജ് പേട്ട താലൂക്കുകളിലും കാലവർഷം ശക്തി പ്രാപിച്ചതോടെ മാക്കൂട്ടം- ചുരം അന്തർ സംസ്ഥാനപാത മണ്ണിടിച്ചൽ ഭീഷണിയിൽ. കുടക് ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചൽ ഭീഷണിയാണ് കുടക് ജില്ലയെ തുറിച്ചു നോക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷവും മണ്ണിടിച്ചിലിൽ ആൾ നാശവും വൻ കൃഷി നാശവും സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം മാക്കൂട്ടം ചുരം പാതയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ചുരം പാത വഴിയുള്ള ഗതാഗതവും തീരെ കുറവായിരുന്നു. ഇക്കുറി ഗതാഗതം പഴയ നിലയിലായതിനാൽ ചെറിയ മണ്ണിടിച്ചിൽ പോലും ഗതാഗതത്തെ ബാധിക്കും. 2018ലെ പ്രളയത്തിൽ ചുരം പാതയിൽ 90ലധികം ഇടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. കൂടാതെ പെരുമ്പാടിയിൽ ബ്രഹ്മഗിരി വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് റോഡ് രണ്ടായി പിളരുകയും ചെയ്തു. മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള ചുരം പാതയിലെ 10 കിലോമീറ്ററിലധികം പ്രദേശമാണ് അപകടഭീതിയിലുള്ളത്.

റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ മരങ്ങൾ ചുരം റോഡിൽ വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. മാക്കൂട്ടം മുതൽ പെരുമ്പാടിവരെയുള്ള ഭാഗങ്ങളിൽ നൂറിലധികം മരങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ് . ഇതിൽ ഭൂരിഭാഗം മരങ്ങളുടെ ചുവട്ടിലും മണ്ണ് നീങ്ങിപ്പോയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലേയും തിട്ടകളിൽ നിൽക്കുന്ന മരങ്ങളുടെ വേര് മുഴുവൻ പുറത്തേക്ക് തള്ളി നിൽക്കുന്നു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. ചെറിയ മണ്ണിടിച്ചിൽ ഉണ്ടായാൽ പോലും നിരവധി മരങ്ങളാണ് നിലം പൊത്തുക. കാലവർഷം ശക്തി പ്രാപിച്ചതിനാൽ ചുരം പാത വഴിയുള്ള രാത്രി യാത്രയും സുരക്ഷിതമല്ല. ചെറിയ മരം വീണാൽപോലും മുറിച്ചുമാറ്റാൻ മണിക്കൂറുകൾ എടുക്കുന്നതിനാൽ രാത്രി യാത്ര തീരെ സുരക്ഷിതമല്ലാതായി.

ജനവാസം ഇല്ലാത്തതും വൈദ്യുതി ബന്ധങ്ങളും മൊബൈൽ നെറ്റ് വർക്കും ഇല്ലാഞ്ഞതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് മണിക്കൂറുകളോളം വേണ്ടി വരും . അപകടമുണ്ടായാൽ ഇരിട്ടിയിൽ നിന്നോ, വീരാജ്‌പേട്ടയിൽ നിന്നോ അഗ്നിരക്ഷ സേന എത്തിവേണം തടസ്സം നീക്കാൻ. ഇക്കുറി കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി മരങ്ങൾ നിലം പൊത്തിയിരുന്നു.

പയ്യന്നൂരിൽ വീടുകളും തൊഴുത്തും തകർന്നു

പയ്യന്നൂർ: കനത്ത മഴയിൽ പയ്യന്നൂരും പരിസരങ്ങളിലും ദുരന്തം തുടരുന്നു. ശനിയാഴ്ച രണ്ട് വീടുകളും പശുത്തൊഴുത്തും തകർന്നു. വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകുന്നത് തീരവാസികളെ ഭീതിയിലാക്കി. ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിൽ കുഞ്ഞിമംഗലം വില്ലേജിൽ മല്ലിയോട്ട് പാലോട്ട് കാവിന് സമീപം താമസിക്കുന്ന എം. ശാന്തയുടെ ഓട് വീട് ഭാഗികമായി തകർന്നു. കുടുംബത്തെ മാറ്റിപ്പാർപ്പിച്ചതായി റവന്യൂ അധികൃതർ അറിയിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

രാമന്തളി വില്ലേജിൽ ചിറ്റടിയിൽ കെ.വി. നാരായണിയുടെ പശുത്തൊഴുത്ത്‌ ശക്തമായ മഴയിൽ തകർന്നു വീണു. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവിലെ പത്തോടെയുണ്ടായ ശക്തമായ മഴയെ തുടർന്ന് ആലപ്പടമ്പ വില്ലേജ് കുറുവേലിയിൽ വൈക്കത്ത് ഗീതയുടെ വീടിന്റെ മേൽക്കൂരയും ചുമരും ഭാഗികമായി തകർന്നു. അതിനിടെ ഈ വർഷം ഇതാദ്യമായി വണ്ണാത്തിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയത് തീരദേശത്ത് താമസിക്കുന്നവരെ ഭീതിയിലാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് മീങ്കുഴി അണക്കെട്ടിന് മുകളിൽ വെള്ളം കയറിയത്.

എ.കെ.ജി വായനശാല നിൽക്കുന്ന പ്രദേശത്തുൾപ്പെടെ വെള്ളം കയറി. രാത്രിയിലും മഴ തുടരുന്ന സ്ഥിതിയുണ്ടായാൽ വീടുകൾക്ക് ഭീഷണിയാവും. നിരവധിയിടത്തെ കൃഷിയാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. രാവിലെ മഴക്ക് ശമനമുണ്ടായതിനാൽ പയ്യന്നൂരും പരിസരങ്ങളിലും താണ പ്രദേശങ്ങളിലെ വെള്ളം കുറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ ഉച്ചക്കുശേഷം വീണ്ടും മഴ കനത്തതോടെ പ്രദേശങ്ങൾ വീണ്ടും ദുരിതത്തിലായി.

Tags:    
News Summary - Heavy rain in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.