തലശ്ശേരി: ജനറൽ ആശുപത്രിയിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പരിശോധിക്കാൻ വെള്ളിയാഴ്ച വിദഗ്ധ സംഘമെത്തി. കിഫ്ബി സാങ്കേതിക വിഭാഗം ഡയറക്ടർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ റാമ്പും അപകടനിലയിലായ വാർഡുകളും ഉടൻ പൊളിക്കാൻ നിർദേശം നൽകി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈകാതെ കെട്ടിടം പൊളിക്കും. നഗരസഭ അനുവദിക്കുന്ന സ്ഥലത്ത് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാനാണ് ആലോചന. അമ്മയും കുഞ്ഞും ആശുപത്രിക്കടുത്ത് ബസ്സ്റ്റാൻഡിന് നഗരസഭ ഏറ്റെടുത്ത സ്ഥലത്തിന്റെ ഒരു ഭാഗമാണ് പരിഗണനയിൽ.
സ്ഥിരം സംവിധാനമാവുംവരെ താൽക്കാലിക കെട്ടിടത്തിലേക്ക് ആശുപത്രി പ്രവർത്തനം മാറ്റും. ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടവും മത്സ്യമാർക്കറ്റ് കെട്ടിടവും സംഘം പരിശോധിച്ചു. മത്സ്യമാർക്കറ്റ് കെട്ടിടത്തിലെ രണ്ടുനില താൽക്കാലികമായി ആശുപത്രിക്ക് കൈമാറാൻ നേരത്തെ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. പരിശോധന റിപ്പോർട്ട് കിഫ്ബി ഉദ്യോഗസ്ഥർ സർക്കാറിന് കൈമാറും.
അനുമതി ലഭിച്ചാലുടൻ കെട്ടിടം പൊളിക്കാനും പുതിയ ആശുപത്രി കെട്ടിടത്തിനുമുള്ള നടപടി ആരംഭിക്കും. എ.എൻ. ഷംസീർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ആശുപത്രിയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കിഫ്ബി സാങ്കേതിക വിഭാഗം ഡയറക്ടർ, ആശുപത്രി സൂപ്രണ്ട് ഡോ.ആശാദേവി, ആർ.എം.ഒ ഡോ.വി.എസ്. ജിതിൻ, പി.ഡബ്ല്യു.ഡി എൻജിനീയർ അനിൽകുമാർ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.