ഇരിട്ടി: പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാത്ത കുടുംബങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ആറളം ഫാമില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട മുസ് ലിം കുടുംബങ്ങളാണ് സര്‍ക്കാറിന്റെ കനിവും കാത്തു കഴിയുന്നത്.
വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കണമെങ്കില്‍ ലഭിച്ച പട്ടയത്തിലെ സ്ഥലം കാണിച്ചു നല്‍കണം. എന്നാല്‍, അധികൃതര്‍ക്ക് അത് ചൂണ്ടിക്കാട്ടി നല്‍കാന്‍ സാധിക്കുന്നില്ല. 1952 മുതല്‍ ആറളം ഫാമില്‍ തോട്ടം തൊഴിലാളികളായി ജോലി ചെയ്തിരുന്ന 32 മുസ് ലിം കുടുംബങ്ങളെ ആറളം ഫാമില്‍നിന്ന് കുടിയൊഴിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാഴ്‌വാക്കായി.
12 കുടുംബങ്ങള്‍ക്ക് കീഴ്പ്പള്ളി വട്ടപ്പറമ്പിലും അഞ്ച് കുടുംബങ്ങള്‍ക്ക് പടിയൂരിലും നല്‍കിയ ഭൂമി അധികൃതര്‍ക്ക് അളന്നുതിട്ടപ്പെടുത്തി നല്‍കാന്‍ കഴിഞ്ഞെങ്കിലും ഇരിട്ടി വള്ളിയാട് മിച്ചഭൂമിയില്‍ നല്‍കിയ 14 പേരുടെ സ്ഥലം ഏതെന്ന് അളന്നുതിരിച്ച് നല്‍കാനായില്ല. 2016 ലാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചത്.
15 സെന്റ് വീതമുള്ള സ്ഥലത്തിന്റെ പട്ടയവുമായി പലരും വാടകവീട്ടിലും ബന്ധുവീടുകളിലും ഉള്‍പ്പെടെ താമസിച്ചു വരുകയാണ്. വീട് വെക്കണമെങ്കില്‍ ലഭിച്ച സ്ഥലം ഏതാണെന്ന് അധികൃതര്‍ കാട്ടികൊടുക്കണം. അതല്ലെങ്കില്‍ മറ്റൊരു സ്ഥലമെങ്കിലും നല്‍കണം. അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ നടപടിയുമില്ലാത്തതിനാല്‍ 14 കുടുംബങ്ങളും ചേര്‍ന്ന് പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.