സ്നേഹിത കൈകാര്യം ചെയ്തത് 3497 കേസുകൾ

കണ്ണൂർ : സ്ത്രീകൾക്കും കുട്ടികൾക്കും കൂട്ടായി കുടുംബശ്രീയുടെ 'സ്നേഹിത' മുന്നോട്ട്. ജില്ലയിൽ സ്നേഹിത ആരംഭിച്ച് ഒമ്പത് വർഷം പിന്നിടുമ്പോൾ ഇതുവരെ കൈകാര്യം ചെയ്ത‌ത്‌ 3497 കേസുകൾ. 716 പേർക്ക് താൽക്കാലിക അഭയം സ്നേഹിത ഒരുക്കി നൽകിയിട്ടുണ്ട്. 2900 പേർക്ക് കൗൺസലിങ്ങും നൽകി.

2025 -26 സാമ്പത്തിക വർഷം 436 കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്‌തത്. എ.സി.പി -ഡിവൈ.എസ്‌.പി ഓഫിസുകളിലുള്ള സ്നേഹിത എക്സ്‌റ്റൻഷൻ സെന്‍ററുകളിൽ മാത്രം 313 കേസുകളും റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 422 കേസുകളാണ് റജിസ്ടർ ചെയ്തിരുന്നത്.

വിളിപ്പുറത്തുണ്ടാവും, അതിജീവനമേകും

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്‌ടിക്കുകയും ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണ നൽകുകയുമാണ് സ്നേഹിത ചെയ്യുന്നത്. അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായം സ്നേഹിത നടത്തുന്നുണ്ട്.

കുടുംബശ്രീ മിഷൻ 2017 ഡിസംബർ 16 നാണ് സ്നേഹിത ജൻഡർ ഹെൽപ് ഡെസ്‌ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്കിൽ കൗൺസലിങ്, ടെലി കൗൺസലിങ് സേവനം ലഭ്യമാണ്.

സ്നേഹിത എക്സ്‌സ്‌റ്റൻഷൻ സെന്‍റർ ജില്ലയിലെ എല്ലാ എ.സി.പി-ഡിവൈ.എസ്‌.പി ഓഫിസുകളിലും പ്രവർത്തിക്കുന്നുണ്ട്. ആറളം പട്ടിക വർഗ പുനരധിവാസ മേഖലയുമായി ബന്ധപ്പെട്ട ഇടപെടൽ നടത്തുന്നതിന് സ്നേഹിതയുടെ സബ് സെന്‍ററും പ്രവർത്തിക്കുന്നുണ്ട്. സ്നേഹിതയുടെ സേവനം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്നതിനായി ജില്ലയിൽ 63 ജെൻഡർ റിസോഴ്സ‌് സെന്‍ററുകളും പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കൗൺസിലർമാർ ഇവിടെ സേവനത്തിനുണ്ട്.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് സ്നേഹിത @ സ്‌കൂൾ ആരംഭിക്കുകയും ജെൻഡർ ക്ലബുകൾ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കമ്മ്യൂണിറ്റി കൗൺസിലർമാർ വഴി കുട്ടികൾക്കിടയിലെ പ്രശ്‌നങ്ങൾ മനസിലാക്കുകയും ബോധവൽക്കരണ ക്ലാസുകളും കൗൺസിലിങ് സേവനങ്ങളും നൽകുന്നുണ്ട്. സ്നേഹിതയുടെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് വിളിക്കാവുന്നതാണ്: 0497 2721817, 9188939700.

Tags:    
News Summary - Snehitha handled 3497 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.