തായിനേരിയിൽ പ്രത്യക്ഷപ്പെട്ട ബാനർ
പയ്യന്നൂർ: പയ്യന്നൂനൂർ കരയിലെ വിമത വിഭാഗം ഫ്ലക്സിന് പിന്നാലെ പേര് പറയാതെ വി. കുഞ്ഞികൃഷ്ണനെ ഉന്നം വെച്ച് ബാനർ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം എന്ന എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. കാരയിലെ വിമത പ്രശ്നത്തോടെ തുടങ്ങിയ പാർട്ടിയിലെ വിഭാഗീയത വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
രക്തസാക്ഷി ഫണ്ടുൾപ്പെടെ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ തിരിമറി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയതോടെയാണ് കുഞ്ഞികൃഷ്ണന് എതിരെയും, അനുകൂലിച്ചും പയ്യന്നൂരിൽ ഫ്ലക്സ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
ചില കേന്ദ്രങ്ങളിൽ ഇരു കൂട്ടരുടേയും ബോർഡുകൾ പിന്നീട് നശിപ്പിക്കപ്പെട്ടു. ചിലേടങ്ങളിൽ ചില ബോർഡുകൾ ഇപ്പോഴുമുണ്ട്. ചെറിയ നാളിലെ ഇടവേളക്ക് ശേഷം കാരയിലാണ് കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല എന്ന ഫ്ലക്സ് തായിനേരിയിൽ നിന്ന് കാരയിലേക്ക് കടക്കുന്ന എൻട്രൻസിൽ തന്നെ കാരയിലെ സഖാക്കളുടെ പേരിൽ പ്രത്യക്ഷപ്പെട്ടത്.
ഇതിനുതൊട്ടു പിന്നാലെയാണ് പയ്യന്നൂർ സഖാക്കളുടെ പേരിൽ കൂറ്റൻ ബാനർ മറുവിഭാഗവും ഉയർത്തിയത്. ബൈപാസ് റോഡിൽ നിന്ന് കുറിഞ്ഞി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ സൂര്യമുക്കിലാണ് റോഡിന് കുറുകെ ഏറെ ഉയരത്തിൽ ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം. എന്നെഴുതിയ ബാനർ പ്രത്യക്ഷപ്പെട്ടത്.
ആയിരങ്ങൾ പങ്കെടുക്കുന്ന കുറിഞ്ഞി ക്ഷേത്ര ഉത്സവം തുടങ്ങിയതോടെ, ഏറെ ജനശ്രദ്ധയാകർഷിക്കുകയാണ് ഈ ബാനർ. ഇതിന് താഴെ റോഡിൽ അരിവാൾ ചുറ്റികയുടെ ചിത്രവും, സി.പി.ഐ.എം എന്നും എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.