കൈലാസംപടിയിലെ ഭൂമി വിള്ളൽ; കാരണം കണ്ടെത്താനാവാതെ ഭൗമ പഠനം

കേളകം: ശാന്തിഗിരി കൈലാസംപടിയിലെ ഭൂമിവിള്ളൽ മൂന്നുകൊല്ലം പഠനം നടത്തിയിട്ടും കാരണം കണ്ടെത്താനാവാതെ ഭൗമപഠന സംഘങ്ങൾ ഇരുട്ടിൽതപ്പുന്നു. ശാന്തിഗിരി കൈലാസംപടി പ്രദേശത്ത് ദിവസങ്ങളോളം വിശദമായി പഠനം ആവശ്യമാണെന്ന് കണ്ടെത്തിയാണ് കഴിഞ്ഞ കൊല്ലം ദുരന്ത നിവാരണ അതോറിറ്റി പഠനസംഘം മടങ്ങിയത്. വിശദപഠനം നടത്തുന്നതിനായി പഠനസംഘം സർക്കാറിന് നൽകിയ റിപ്പോർട്ട് ചുവപ്പുനാടയിൽപെട്ടു. ഭൂമിയിൽ വിള്ളലുകൾ വ്യാപിക്കുകയും വീടുകൾ തകരുകയും ചെയ്യുന്നതും തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി പ്രദേശത്തെ ജനങ്ങളുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് കലക്ടർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയതിനെത്തുടർന്നായിരുന്നു വിദഗ്ധ സംഘം കഴിഞ്ഞ കൊല്ലം പരിശോധനക്കെത്തിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി(കെ.എസ്.ഡി.എം.എ) ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുനിർമാണ പഠന വിദഗ്ധ സമിതി അംഗം ഡോ. എസ്.ശ്രീകുമാർ, കെ.എസ്.ഡി.എം.എ ഹസാർഡ് അനലിസ്റ്റ് ആർ.എസ്. അജിൻ, ജില്ല ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് സി. ശിൽപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിനെത്തിയത്.

വിള്ളൽവീണ് ആളുകളെ മാറ്റിപ്പാർപ്പിച്ച വീടുകൾ, ഗർത്തം കണ്ടെത്തിയ കളപ്പുരയ്ക്കൽ ജോണിന്റെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. വേഗത്തിൽ പഠനം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ്ധർ നാട്ടുകാരോട് പറഞ്ഞിരുന്നു. പ്രദേശത്ത് ഓരോ വീടുകളിലുമുള്ള പ്രശ്നങ്ങൾ, നീർച്ചാലുകളുടെ വിന്യാസം അടക്കമുള്ളവയും വിശദ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് നിർദേശിച്ച് സംഘം മടങ്ങി. വിള്ളലുകളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഘട്ടംഘട്ടമായി പ്രദേശത്ത് ക്യാമ്പ് ചെയ്ത് വിശദ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് നൽകിയാണ് മടങ്ങിയത്. ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ച തുടർ പഠനം എത്രയും വേഗം നടത്തി ആശങ്ക പരിഹരിക്കണമെന്നാണ് ശാന്തിഗിരി കൈലാസംപടി പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യം

Tags:    
News Summary - Earth rift in Kailasampadi; Earth study without finding the cause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.