ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി വീണ ജോർജ് ജില്ല ആശുപത്രിയിലെ സ്ത്രീകളുടെയും
കുട്ടികളുടെയും പുതിയ വാർഡിൽ സന്ദര്‍ശനം നടത്തുന്നു
കണ്ണൂർ: ജില്ല ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികളുൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ നവീകരണ പ്രവൃത്തികൾ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി വീണ ജോർജ്. ജില്ല ആശുപത്രിയിൽ പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
പയ്യന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മാങ്ങാട്ടുപറമ്പ്, പഴയങ്ങാടി തുടങ്ങി ജില്ലയിലെ മുഴുവൻ സർക്കാർ ആ ശുപത്രികളിലും ആധുനിക ചികിത്സ സംവിധാനങ്ങൾ ലഭ്യമാക്കും. സി.എച്ച്.സികളെ ബ്ലോക്കുതല ആരോഗ്യകേന്ദ്രങ്ങളായുയർത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.
അടിയന്തര കോവിഡ് ചികിത്സയുടെ ഭാഗമായി പൂർത്തീകരിച്ച അഞ്ചു കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, 42 കിടക്കകളുള്ള ആധുനിക പീഡിയാട്രിക് കെയർ സെന്റർ, സ്ത്രീകൾക്കായുള്ള പ്രത്യേക വാർഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
ജില്ല പഞ്ചായത്തിന്റെ 1.90 കോടി രൂപ വിനിയോഗിച്ചാണ് പീഡിയാട്രിക് കെയർ സെന്ററിന്റെ പശ്ചാത്തല വികസനം നടത്തിയത്. 2.05 കോടി രൂപയുടെ ഉപകരണങ്ങളാണ് സെന്ററിൽ സ്ഥാപിച്ചത്. പിഡിയാട്രിക് ഐ.സി.യുവിന് 84.25 ലക്ഷം രൂപ വിനിയോഗിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ. നാരായണ നായ്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ കെ.കെ. രത്നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൽ ലത്തീഫ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം. പ്രീത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.