കണ്ണൂർ: സർക്കാറിനും പമ്പുടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി മാഹിയിൽനിന്ന് വൻ തോതിൽ ഡീസലും പെട്രോളും വ്യാപകമായി ജില്ലയിലേക്ക് കടത്തുന്നു. കേരളത്തിലെ ഇന്ധന വിലയെക്കാൾ കുറഞ്ഞ വിലയിലാണ് പുതുച്ചേരി സർക്കാർ വിൽപന നടത്തുന്നത്. വിലയിലുള്ള വ്യത്യാസം കാരണം ദിനംപ്രതി മാഹിയിൽനിന്ന് ഡീസലും മറ്റും ജില്ലയിലേക്ക് ഒളിച്ചു കടത്തുകയാണ്. ഒരു ലിറ്ററിൽ മാത്രം പെട്രോളിന് 12 രൂപയുടെയും ഡീസലിന് 11.50 രൂപയുടെയും കുറവാണ് കേരളത്തിനെക്കാൾ മാഹിയിൽ ലഭിക്കുന്നത്. ഞായറാഴ്ച ജില്ലയിൽ സീസലിന് 95 രൂപയും പെട്രോളിന് 106 രൂപയുമാണ് ലിറ്ററിന് വില.
അതേസമയം, മാഹിയിൽ ഡീസലിന് 83.90 ഉം പെട്രോളിന് 93.92 രൂപയും മാത്രമാണ്. ഇത്രയും വലിയ മാറ്റം സ്ഥിരമായി ഉണ്ടാവുന്നുണ്ട്. അതിനാൽ നിരവധി വാഹനങ്ങൾ മാഹിയിലെത്തി എണ്ണ നിറക്കാറുണ്ട്. ഇതിനു പുറമെയാണ് മാഹി എണ്ണ വൻ തോതിൽ ഇവിടെയെത്തിച്ച് ചില സംഘങ്ങൾ ലാഭം കൊയ്യുന്നത്.
സ്കൂൾ ബസുകൾ, ചെങ്കൽ കരിങ്കൽ ക്വാറികളിലെ വാഹനങ്ങൾ, ടൂറിസ്റ്റ് ബസുകൾ, ചില സ്വകാര്യ ബസുകൾ എന്നിവയിൽ നിറക്കുന്നതിനാണ് മാഹി എണ്ണ കടത്തിക്കൊണ്ടുവരുന്നത്. കണ്ണൂരിലെ രണ്ട് ബസ് സ്റ്റാൻഡുകൾ, തലശ്ശേരി, കുത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂർ, തളിപ്പറമ്പ്, പയ്യന്നൂർ ടൗണുകൾ എന്നിവിടങ്ങളിലേക്കാണ് മാഹി എണ്ണ വ്യാപകമായി കടത്തുന്നത്. കാഞ്ഞങ്ങാട്, കാസർകോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്കും മാഹി എണ്ണ കടത്തുന്നുണ്ട്. ഏറ്റവും അടുത്ത പ്രദേശമായതിനാലാണ് കണ്ണൂരിൽ ഇത് വ്യാപകമായെത്തിക്കുന്നത്.
25 ശതമാനം വരെ നഷ്ടം
മാഹി ഡീസലും പെട്രോളും ജില്ലയിലെത്തുന്നതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ കണ്ണൂർ സെയിൽസ് ഏരിയയിൽ വിൽപനയിൽ 20-25 ശതമാനം വരെ വിൽപന കുറഞ്ഞതായി അധികൃതർ പറഞ്ഞു. വാഹന പരിശോധനക്കിടെ ഒരാഴ്ച മുമ്പ് പയ്യന്നൂരിൽ മാഹി ഡീസൽ കടത്തിയ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. അതൊഴിച്ചാൽ അടുത്ത കാലത്തൊന്നും ജില്ലയിൽ മാഹി എണ്ണ കടത്ത് പിടികൂടിയിട്ടില്ല.
2023 ആഗസ്ത് മൂന്നിന് ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ കലക്ടർക്കും പൊലീസ് മേധാവിക്കും ജില്ല സപ്ലൈ ഓഫിസർക്കും ഉൾപ്പെടെ എണ്ണ കടത്ത് നടക്കുന്നുണ്ടെന്നും അത് തടയണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ ഇടപെടലുണ്ടായില്ല. അതുകൊണ്ട് മാഹി എണ്ണ കടത്ത് ലോബി കച്ചവടം വ്യാപിപ്പിക്കുകയായിരുന്നു. ഉടമകൾക്കുണ്ടായ നഷ്ടത്തിനൊപ്പം സർക്കാറിനും വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാഹി എണ്ണ കടത്ത് ലോബിയെ പിടികൂടേണ്ടവർ തന്നെ കണ്ണടച്ച് ഒത്താശ ചെയ്യുന്നതായുള്ള ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കടത്താൻ പ്രത്യേകം ടാങ്കുകളും ബോട്ടും
ടൂറിസ്റ്റ് ബസുകളിൽ പ്രത്യേകം ടാങ്കുകൾ അധികമായി ഘടിപ്പിച്ചും വടകര, കോഴിക്കോട് ഭാഗങ്ങളിൽ ചെങ്കല്ലും കരിങ്കല്ലുകളുമായി പോയി വരുന്ന ലോറികളിൽ വലിയ ബാരലുകളിൽ നിറച്ചുമാണ് മാഹി എണ്ണ കടത്തി കൊണ്ടുവരുന്നത്. ഒറിജിനൽ എന്ന വ്യാജേന ടാങ്കർ ലോറിയിൽ നിറച്ചും മാഹി എണ്ണ എത്തിക്കുന്നുണ്ട്. രാത്രിയിൽ പമ്പിലെ വെളിച്ചം ഓഫാക്കിയാണ് ടാങ്കർ ലോറിയിൽ നിറക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ടാങ്കറുകളിൽ മാഹി എണ്ണ കടത്തി ഇവിടെയെത്തിച്ച് വിൽക്കുക വഴി ലക്ഷങ്ങളുടെ ലാഭമാണ് കൊയ്യുന്നത്. ഓട്ടോ ടാക്സികളിൽ ബാരലിൽ നിറച്ചും എണ്ണ എത്തിക്കുന്നുണ്ട്. മാഹിയിൽ നിന്ന് ബോട്ടുവഴി അഴിക്കലിലും മാട്ടൂലിലും ഇത്തരത്തിൽ എണ്ണ കടത്തുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകൾക്ക് ഇവ വിൽക്കുമ്പോൾ അവരുടെയും ലാഭം ഇരട്ടിയാണ്.
വണ്ടിയിൽ നിറക്കും, കുപ്പിയിലും നൽകും
കണ്ണൂരിലെത്തിക്കുന്ന ഡീസലും പെട്രോളും ബസ് സ്റ്റാൻഡ് മൂലയിൽ നിർത്തിയ വണ്ടിയിൽ വച്ച് പൈപ്പ് വഴിയാണ് ആവശ്യക്കാരായ വണ്ടിക്കാർക്ക് നിറച്ചു കൊടുക്കുന്നത്. ഇതിനായി പ്രത്യേക സ്ഥലങ്ങളുമുണ്ട്. ജില്ലയിലെ ഉൾപ്രദേശങ്ങളിലാണെങ്കിൽ കുപ്പികളിലും മറ്റും നിറച്ചും വിൽക്കുന്നുണ്ട്.
ഒന്നിലധികം വണ്ടിയുള്ള ഉടമകൾക്ക് മാഹി എണ്ണ ഉപയോഗത്തിലൂടെ ഒരുദിവസം തന്നെ വലിയ തുക ലാഭം ഉണ്ടാവുന്നുണ്ട്. മാഹി വിലയേക്കാൾ കൂട്ടിയാണ് വിൽപനയെങ്കിലും കേരള വിലയേക്കാൾ കുറവാണെന്നതിനാലാണ് സ്ഥിരം കസ്റ്റമർമാർ മാഹി എണ്ണ വിൽപനക്കാർക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.