ഇരിട്ടി കോളിക്കടവിൽ കണ്ടെത്തിയ ഡാർട്ട് പക്ഷി
ഇരിട്ടി: മലയോരത്തിന്റെ സൗന്ദര്യം നുകരാൻ ഇരിട്ടി കോളിക്കടവിൽ അപൂർവയിനം ദേശാടനപ്പക്ഷി വിരുന്നെത്തി. കോളിക്കടവ് സ്വദേശി മനോഹരന്റെ വീടിന് സമീപത്തായാണ് ഞായറാഴ്ച ഉച്ചയോടെ ദേശാടനപ്പക്ഷിയെ കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും പക്ഷി പറന്ന് വലിയ മരത്തിലേക്ക് ചേക്കേറിയിരുന്നു. അമേരിക്കയിലെ ചൂടുള്ള പ്രദേശങ്ങളിൽ നിന്നും ദേശാടനത്തിനെത്തുന്ന ഡാർട്ടർ ബേർഡ് എന്ന ദേശാടനപ്പക്ഷിയാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. അൻഹിംഗ, വാട്ടർ ടർക്കി, അമേരിക്കൻ ഡാർട്ടർ എന്നീ പേരിലും ഇവ അറിയപ്പെടുന്നുണ്ട്. മലയാളത്തിൽ ചേരക്കോഴി എന്നാണ് പറയുക. വെള്ളത്തിലേക്ക് ശരവേഗത്തിൽ മുങ്ങി ഇരയെപ്പിടിക്കാൻ ഇവക്കു കഴിയും. അപൂർവയിനം പക്ഷിയാണെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾ ഒന്നാകെ പക്ഷിയെ കാണാനെത്തി. കാക്കകൾ ആക്രമിക്കുന്നത് കണ്ടതോടെ വീട്ടുകാർ വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.
1987ൽ ജലപക്ഷി സെൻസസിന്റെ അടിസ്ഥാനത്തിൽ ചേരക്കോഴികളെ വംശനാശം നേരിടുന്ന പക്ഷികളായാണ് കണക്കാക്കിയിരിക്കുന്നത്. മത്സ്യങ്ങൾ ധാരാളമുള്ള ഇടങ്ങളിൽ ഈ പക്ഷിയെ സാധാരണ കാണപ്പെടുന്നുണ്ട്. ഇതിന് പരുന്തിന്റെയത്രയും വലുപ്പം കാണാം. പാമ്പിനോട് രൂപസാദൃശ്യമുള്ള കഴുത്താണ്. ശരീരത്തിൽ കൂടുതലും കറുപ്പ് നിറവുമാണ്. എന്നാൽ തൂങ്ങി നിൽക്കുന്നതും തിളങ്ങുന്നതുമായ തൂവലുകൾ ചിറകുകളിൽ കാണാം. തലയും കഴുത്തും തിളക്കമുള്ള തവിട്ടുനിറമാണ്. മുഖം, താടി, തൊണ്ട എന്നീ ഭാഗങ്ങൾ വെളുത്ത നിറത്തിലായിരിക്കും. നീണ്ടവാലിന്റെ അഗ്രം അർധവൃത്താകൃതിയിലുള്ളതാണ്. മുങ്ങാങ്കുഴിയിടാൻ അനുയോജ്യമായ വിധത്തിൽ കാല് കുറിയതും താറാവിന്റേത് പോലെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.