തിങ്കളാഴ്ച അടച്ചിട്ട ചിറക്കൽ റെയിൽവേ സ്റ്റേഷൻ
കണ്ണൂർ: നഷ്ടം കാരണം അടച്ചുപൂട്ടിയ കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ പുനഃസ്ഥാപിച്ചു. രണ്ടിടത്തുമുണ്ടായ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റേതാണ് തീരുമാനം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രിയുടെ നിർദേശം പുറത്തുവന്നതിന് പിന്നാലെ സ്റ്റേഷനുകളിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ച് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ഉത്തരവിറക്കി.
ചിറയ്ക്കലിൽ കണ്ണൂർ-മംഗളൂരു സെൻട്രൽ പാസഞ്ചർ (56717), കണ്ണൂർ-ചെറുവത്തൂർ പാസഞ്ചർ (56619), മംഗളൂരു സെൻട്രൽ- കണ്ണൂർ പാസഞ്ചർ (56718) ട്രെയിനുകളും വെള്ളറക്കാട് സ്റ്റേഷനിൽ ഷൊർണൂർ-കണ്ണൂർ മെമു (66324), കോഴിക്കോട്- കണ്ണൂർ പാസഞ്ചർ (56617), കണ്ണൂർ-ഷൊർണൂർ പാസഞ്ചർ (56600), കണ്ണൂർ- ഷൊർണൂർ മെമു (66323) ട്രെയിനുകളും ഇന്ന് മുതൽ നിർത്തും.
ഇരു സ്റ്റേഷനുകളും നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് റെയിൽവേ പിൻവലിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. ഇത് കണക്കിലെടുത്താണ് സ്റ്റേഷനുകൾ പുനഃസ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.