പയ്യന്നൂർ: സ്വകാര്യ സ്ക്രീൻ പ്രിന്റിങ് സ്ഥാപനത്തിലെ രാസമാലിന്യം ഒഴുകിയെത്തി കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതായി പരാതി. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ താഴക്കുറുന്തിലെ മൂന്നോളം വീട്ടുകാരുടെ കിണറുകളാണ് ഉപയോഗിക്കാൻ പറ്റാതായത്. മഴ കനത്തതോടെ മണ്ണിൽ കുഴിച്ചിട്ട രാസമാലിന്യം കിണറിലേക്ക് ഉറവയായ് ഒഴുകിയെത്തിയതാണ് കുടിവെള്ളം മുട്ടാൻ കാരണമായത്. കിണറ്റിലെ വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്.
കമ്പനി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗന്ധം തന്നെയാണ് വെള്ളത്തിനുമുള്ളതെന്ന് വീട്ടുകാർ പറഞ്ഞു. ഇതോടെ കുടിവെള്ളം ഉപയോഗിക്കരുതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. സ്ഥാപനത്തിന് സമീപം ആറ് വലിയ കുഴികളിലായി നിക്ഷേപിച്ച രാസമാലിന്യം ആരോഗ്യ വകുപ്പ് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് പുറത്തെടുത്തു. പമ്പ് വഴി ടാങ്കിലേക്ക് ഒഴുക്കിവിടുന്ന രാസ ദ്രാവകവും മാലിന്യ ചോർച്ചക്ക് കാരണമാവുന്നുണ്ടെന്ന് പറയുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയാവുന്നതും മാരകമായ കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്നതുമായ രാസമാലിന്യം വെറും മണ്ണിൽ കുഴിച്ചിട്ട സ്ഥാപനം അടച്ചു പൂട്ടണമെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെട്ടു. ആരോഗ്യ ജീവനക്കാർ, പഞ്ചായത്ത് അധികൃതർ, ശുചിത്വമിഷൻ, മാലിന്യ നിർമാർജന വകുപ്പ് അധികൃതർ എന്നിവർ സ്ഥലം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.