കണ്ണൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിൽ ജോലി ലഭിച്ചത് 1524 പേർക്ക്. ഇതിൽ താൽക്കാലിക ജോലിയും ഉൾപ്പെടും. താൽക്കാലിക ജോലിയുടെ ഗണത്തിൽ പ്രധാനമായും ജോലി ലഭിക്കുന്നത് സ്വീപ്പർ തസ്തികയിലാണ്. എംപ്ലോയ്മെന്റ് ഓഫിസിൽ മുൻഗണന ലിസ്റ്റ് പ്രകാരമായതുകൊണ്ടുതന്നെ നിശ്ചിത കാലയളവിലേക്ക് മാത്രമായി താൽക്കാലിക ജോലി ലഭിക്കുന്ന ഉദ്യോഗാർഥിയുടെ സേവനം നിജപ്പെടുത്തേണ്ടിവരുന്നുണ്ട്. ഇത് സീനിയോറിറ്റി ലിസ്റ്റിലെ മറ്റുള്ളവർക്കുകൂടി ജോലി ലഭിക്കുന്നതിനിടയാക്കും. ജില്ലയിലെ നാല് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് 2024-25 വർഷത്തിനിടയിൽ ഇത്രയും പേർക്ക് ജോലി ലഭ്യമായത്. പിണറായി സർക്കാറിന്റെ കാലത്ത് നൂറിന പരിപാടിയിൽ തൊഴിൽ വകുപ്പ് ഇതിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നു.
എംപ്ലേയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ട് തൊഴിൽ ലഭ്യമല്ലാത്തവർക്കായി സ്വയംതൊഴിൽ ചെയ്യുന്നതിന് വിവിധ ധനസഹായ പദ്ധതികളും നിലവിലുണ്ട്. എന്നാൽ, ഇവ പൊതുജനങ്ങളിലേക്ക് എത്തുന്നില്ല എന്നുള്ളത് ഒരു പോരായ്മയാണെന്നും ആക്ഷേപമുണ്ട്. 21നും 50നുമിടയിൽ പ്രായമുള്ളവർക്കായി കെസ്റു (കേരള സ്റ്റേറ്റ് സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ ദ രജിസ്റ്റേഡ് അൺ എംപ്ലോയ്ഡ്) വായ്പപദ്ധതി നിലവിലുണ്ട്. ബിരുദധാരികളായ വനിതകൾക്കാണ് ഇതിൽ മുൻഗണന. ലക്ഷം രൂപയാണ് വായ്പ ലഭ്യമാകുക. 20 ശതമാനം സബ്സിഡി ലഭിക്കുകയും ചെയ്യും. തൊഴിൽരഹിതരായ വിധവകൾക്കായി ‘ശരണ്യ’ വായ്പപദ്ധതിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭിക്കും.
50,000 രൂപയാണ് വായ്പ. ഇതിൽ 50 ശതമാനം സബ്സിഡിയും നൽകും. അടുത്തതായി നവജീവൻ പദ്ധതിയും നിലവിലുണ്ട്. ഇതിൽ പ്രായപരിധി 50നും 65നും ഇടയിലായിരിക്കണമെന്നുണ്ട്. ഇതിലും 50,000 രൂപ വായ്പ നൽകും. 25 ശതമാനമാണ് സബ്സിഡി. ഭിന്നശേഷിക്കാർക്ക് മാത്രമായാണ് ‘കൈവല്യ’ പദ്ധതിയുള്ളത്. ഇതിനും പലിശരഹിത വായ്പയിനത്തിൽ 50,000 രൂപ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.