സാമൂഹികാരോഗ്യ കേന്ദ്രമാണോ, അതോ താലൂക്ക് ആശുപത്രിയോ?

പാനൂർ: പാനൂർ മേഖലയിലും പാനൂരിന്റെ കിഴക്കൻ മേഖലയിലും ഉൾപ്പെടെ ജനങ്ങളുടെ ഏക അഭയ കേന്ദ്രമായ പാനൂർ ഗവ. ആശുപത്രി സാമൂഹികാരോഗ്യ കേന്ദ്രമാണോ അതോ താലൂക്ക് ആശുപത്രിയാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. കെ.പി. മോഹനൻ എം.എൽ.എ യു.ഡി.എഫ് സർക്കാറിൽ മന്ത്രിയായിരുന്ന സമയത്താണ് പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയ ഉത്തരവ് വന്നത്. വിജ്ഞാപനം വന്നുവെന്ന് പറഞ്ഞുകൊണ്ട് കമ്മിറ്റി രൂപവത്കരിക്കുകയും കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലം വാങ്ങാനായി പൊതുപിരിവ് നടത്തുകയും ചെയ്തു. പിന്നീട് ഇടതു മന്ത്രിസഭ വരുകയും കൂത്തുപറമ്പിന്റെ ജനപ്രതിനിധിയായി കെ.കെ. ശൈലജ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള അഞ്ച് വർഷം മണ്ഡലത്തിന് ആരോഗ്യ മന്ത്രിയെ ലഭിച്ചെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയരാനുള്ള ഒരു ഉത്തരവും അനുമതിയും ലഭിച്ചില്ല. ദിവസേന നിരവധി രോഗികൾ ആശ്രയിക്കുന്ന പാനൂർ ആശുപത്രിയിൽ കിടത്തിചികിത്സയും കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾപോലും ആവലാതികൾ മാത്രമായി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുമ്പോഴും പാനൂർ നഗരസഭയിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രം എന്നുമുതൽ യഥാർഥ താലൂക്കാശുപത്രിയാവുമെന്ന ചോദ്യത്തിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.