മാധവൻ മാസ്റ്റർ മരണത്തെ വരിച്ചതും ജനിച്ച നാൾ

തളിപ്പറമ്പ്: രാഷ്ട്രീയത്തിനും ശാസ്ത്ര സാഹിത്യത്തിനുമതീതമായി മറ്റുള്ളവരോട് മികച്ച ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ തൃച്ചംബരം ഇലത്താളം വയലിലെ റിട്ട. അധ്യാപകനും സി.പി.എം നേതാവുമായ കെ. മാധവൻ മാസ്റ്റർ. 19ാം വയസ്സിൽ അധ്യാപകനായി ജോലി ആരംഭിച്ച ഇദ്ദേഹം1965 വരെ പടിഞ്ഞാറത്തറയിലും പിന്നീട് 1994 വരെ ചപ്പാരപ്പടവ് എൽ.പി സ്കൂളിലും ജോലി ചെയ്ത് പ്രഥമാധ്യാപകനായി വിരമിച്ചു. കൂവേരി ഗ്രാമത്തിൽ മികച്ച കൂട്ടായ്മ സൃഷ്ടിച്ച് വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1989ൽ പി.ടി. ഭാസ്കരപ്പണിക്കരുടെ പേരിലുള്ള ശാസ്ത്രയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം, 2007ൽ ഐ.എ.ഇ.പിയുടെ പീസ് ആൻഡ് കൾചറൽ അവാർഡ്, വൈസ് മെൻ ക്ലബിന്റെയും ഹോപ്പിന്റെയും സ്നേഹാർച്ചന, 2008ൽ റോട്ടറി ക്ലബിന്റെ വൊക്കേഷനൽ എക്സലന്റ് അവാർഡ്, 2018ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, ജില്ല ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ. ശേഖരൻമാസ്റ്റർ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മാധവൻ മാസ്റ്ററുടെ കണ്ണുകൾ ദാനം ചെയ്തു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശനിയാഴ്ച പരിയാരം കണ്ണൂർ ഗവ. മെഡി. കോളജിന് കൈമാറും. 1939 മേയ് ആറിന് ജനിച്ച് സമൂഹത്തിന് ഒട്ടേറെ പുത്തൻആശയം സമ്മാനിച്ച മാധവൻ മാസ്റ്റർ 83 വയസ്സ് പൂർത്തിയാക്കി മേയ് ആറിന് വിട പറഞ്ഞതും യാദൃച്ഛികമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.