സ്കൂൾ സ്ഥലം കൈയേറ്റം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: ആലക്കോട് സെന്റ് മേരീസ് കോൺവെന്റ് സ്കൂളിന്റെ സ്ഥലം കരാറുകാരൻ കൈയേറി ശുചിമുറി കെട്ടിടം തകർത്തുവെന്ന പരാതി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ പൊതുമരാമത്ത് വകുപ്പ് രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പൊതുമരാമത്ത് (പാലങ്ങൾ) എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് ഉത്തരവ് നൽകിയത്. രണ്ടു മാസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ വർഷം ജനുവരി 26ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കോൺവെന്റ് സ്ഥലത്തുനിന്ന് മണ്ണ് നീക്കം ചെയ്യാൻ കരാറുകാരൻ ശ്രമിച്ചതായി കോൺവെന്റ് സ്കൂൾ മാനേജർ സിസ്റ്റർ സി.ജെ. അനീഷ കമീഷനെ അറിയിച്ചു. 3.80 കോടി മുടക്കുന്ന ആലക്കോട് പാലത്തിന്റെ പുനർനിർമാണത്തിന്​ 4.65 സെന്റ് സ്ഥലം 2015 ഏപ്രിൽ 22ന് സ്കൂൾ അധികൃതർ വിട്ടുനൽകിയതാണെന്നാണ് പൊതുമരാമത്തിന്റെ വിശദീകരണം. പാലം നിർമിച്ച ശേഷം സ്കൂളിന് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാലത്തിന്റെ നിർമാണ വേളയിൽ സംരക്ഷണ ഭിത്തിയുടെ സ്ഥാനത്ത് ഗ്രീൻ ഷീറ്റ് കെട്ടി മറക്കാമെന്നും റിപ്പോർട്ടിലുണ്ട്. യന്ത്രം ഉപയോഗിച്ച് ചുറ്റുമതിൽ പൊളിച്ചതിൽ വകുപ്പിന് ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമീഷൻ നിർദേശാനുസരണം പൊതുമരാമത്ത് വകുപ്പ് തങ്ങളുടെ പരാതികൾ പരിഹരിച്ചതായി സ്കൂൾ മാനേജർക്ക് വേണ്ടി അഭിഭാഷകൻ കമീഷനെ അറിയിച്ചു. എന്നാൽ, പൊതുമരാമത്ത് ഇതുസംബന്ധിച്ച് റിപ്പോർട്ട്, സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.