അമൃതവർഷത്തിൽ നനഞ്ഞ സായംസന്ധ്യ

പയ്യന്നൂർ: ഹിന്ദുസ്ഥാനി സംഗീതലോകത്തെ പരമാചാര്യന്മാർ തെളിച്ച പാതയിൽനിന്ന് വ്യതിചലിക്കാതെയുള്ള കറതീർന്ന ആലാപനത്തോടെ പുതിയ തലമുറയിലെ അനുഗൃഹീത ഗായിക ഐശ്വര്യ ദേശായി പാടി നിറഞ്ഞപ്പോൾ മേടച്ചൂട് തളംകെട്ടിയ സന്ധ്യയിൽ ശ്രീപ്രഭാ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ആസ്വാദകരുടെ മനസ്സിൽ രാഗപ്രവാഹത്തിന്റെ കുളിർതെന്നൽ. ഹിന്ദുസ്ഥാനി രാഗങ്ങളുടെ സൗന്ദര്യം വിടർന്നുല്ലസിച്ച സായാഹ്നത്തിനാണ് വ്യാഴാഴ്ച സദസ്സ് സാക്ഷ്യം വഹിച്ചത്. സംഗീതം ആധ്യാത്മികതയുടെ ഉണർവിനു കൂടിയുള്ളതാണെന്ന് ഓരോ പാട്ടുകളും സാക്ഷ്യപ്പെടുത്തി. പാട്ടിൽ ശാസ്ത്രവും മനോധർമത്തിൽ വിരിയുന്ന ശൈലീ വിശേഷവും സമന്വയിപ്പിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നതു കൂടിയായിരുന്നു കച്ചേരി. ഹിന്ദുസ്ഥാനിയുടെ അനന്യ സുന്ദരമായ ആലാപനത്തോടൊപ്പം തബലയുടെ രാജകുമാരൻ രാജേന്ദ്ര നാക്കോട്ടിന്റെ തബലവാദനം കൂടിയായപ്പോൾ കച്ചേരി ഭാവദീപ്തം. ഒപ്പം പാട്ടിനൊപ്പിച്ച് താളം പിടിച്ച സതീഷ് കോളിയുടെ ഹാർമോണിയവും കച്ചേരിയെ വിഭവസമൃദ്ധമാക്കി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ പതിനേഴാമത് തുരീയം സംഗീതോത്സവത്തിന്റെ ആറാംദിനമായ വെള്ളിയാഴ്ച ആർ. കശ്യപിന്റെ വായ്പാട്ടാണ്. ആറ്റുകാൽ സുബ്രഹ്മണ്യം (വയലിൻ), ആഡൂർ ബാബു (മൃദംഗം), ആദിത്യനെല്ലൂർ അനിൽ (ഘടം) എന്നീ പ്രമുഖ നിരയുടെ സാന്നിധ്യവും ആറാം ദിനത്തിന്റെ പ്രത്യേകതയാണ്. പി.വൈ.ആർ തുരീയം തുരീയം ഐശ്വര്യ ദേശായി ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.