താലൂക്ക് സർവേയർക്ക് കോടതിയുടെ താക്കീത്

കൂത്തുപറമ്പ്: സിവിൽ കേസിൽ അഡ്വക്കറ്റ് കമീഷണറായി നിശ്ചയിച്ച അഭിഭാഷകന് പ്ലാൻ കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ താലൂക്ക് സർവേയർക്ക് കോടതി താക്കീത് നൽകി. തലശ്ശേരി താലൂക്ക് സർവേയർ എം. അശോകനെയാണ് (55) കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എഫ്. ഷിജു താക്കീത് ചെയ്തത്. 2013ൽ കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ നടന്ന സിവിൽ കേസിലാണ് കേസിനാസ്പദമായ സംഭവം. കേസിൽ കോടതി നിശ്ചയിച്ച സർ​വേയർ, കേസിലുൾപ്പെട്ട സ്ഥലം അളന്ന് പ്ലാൻ തയാറാക്കി അഡ്വക്കറ്റ് കമീഷണർക്ക് കൈമാറുന്നതിൽ നിരന്തരമായി വീഴ്ച വരുത്തിയെന്നായിരുന്നു കേസ്. ഇതിനായി കോടതി പലതവണ സർ​വേയർക്കും തലശ്ശേരി തഹസിൽദാർ മുഖേനയും മെമ്മോ നൽകുകയും ചെയ്തിരുന്നു. മുൻസിഫിന്റെ നിർദേശപ്രകാരം കോടതിയിലെ ചീഫ് മിനിസ്റ്റീരിയൽ ഓഫിസറാണ് താലൂക്ക് സർ​വേയർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വിധിയുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.