മാധ്യമ പ്രവർത്തകയുടെ മരണം: ബംഗളൂരു പൊലീസ് മടങ്ങി

ശ്രീകണ്ഠപുരം: മാധ്യമപ്രവര്‍ത്തക ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവിനെ പിടികൂടാനാകാതെ ബംഗളൂരു പൊലീസ് മടങ്ങി. കാസർകോട് വിദ്യാനഗര്‍ സ്വദേശിനിയും യുക്തിവാദി നേതാവ് നാരായണന്‍ പേരിയയുടെ മകളുമായ എന്‍. ശ്രുതി(36) ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അനീഷ് കോയാടനെ തേടിയാണ് വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വെങ്കിടേഷ്, സീനിയര്‍ സി.പി.ഒ യാസിന്‍പാഷ, ഡ്രൈവര്‍ ദീപക് എന്നിവര്‍ കഴിഞ്ഞ ദിവസം എത്തിയത്. ശ്രീകണ്ഠപുരം പൊലീസിന്റെ സഹായത്തോടെയായിരുന്നു ഇവിടെ അന്വേഷണം നടത്തിയത്. ചെങ്ങളായി ചുഴലിയിലെ അനീഷിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തിയെങ്കിലും അത് അടഞ്ഞുകിടക്കുകയായിരുന്നു. സഹോദരിയുടെ ധർമശാലയിലെ വീട്ടില്‍ അനീഷിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയുമെത്തിയെങ്കിലും അനീഷ് അവിടെയുണ്ടായിരുന്നില്ല. അനീഷ് എവിടെയാണുള്ളതെന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അനീഷിനെ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്ന് അന്വേഷണ സംഘം വീട്ടുകാരോട് പറഞ്ഞു. ചുഴലിയിലെ പൂട്ടിയിട്ട വീട്ടില്‍ അനീഷിന്റെ കാറുണ്ടായിരുന്നു. അനീഷിനെ ഹാജരാക്കിയില്ലെങ്കില്‍ കാര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, അനീഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.