സംഘ്പരിവാര്‍ ചരിത്രം വളച്ചൊടിച്ച് പ്രത്യയശാസ്ത്രമാക്കുന്നു -ഡോ. രാജന്‍ ഗുരുക്കള്‍

കണ്ണൂര്‍: ചരിത്രം വളച്ചൊടിച്ച് സംഘ്പരിവാര്‍ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുകയാണെന്ന് ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കള്‍. സങ്കുചിതമായ വികാരങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള ഉപകരണമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് അവര്‍. അസത്യങ്ങളെ സത്യമാക്കാനുള്ള ശ്രമങ്ങള്‍ ചരിത്രവിവരണത്തെ വികലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ശില്‍പ ചിത്രപ്രദര്‍ശനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജന്‍ ഗുരുക്കള്‍. ചരിത്രപ്രദര്‍ശനത്തില്‍ സാര്‍വദേശീയം, ദേശീയം, കേരളം, കണ്ണൂര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ വിവരണം പ്രശസ്തരായ 11 ശില്‍പികളുടെയും 44 ചിത്രകാരന്മാരുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ മുന്നേറ്റങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പുതുതലമുറയിലേക്ക് കൂടി എത്തിക്കാനുതകുന്ന നിലയിലുള്ള ആവിഷ്‌കാരങ്ങള്‍ പ്രദര്‍ശനത്തിന്റെ മറ്റൊരു സവിശേഷതയാണ്. പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. വത്സലന്‍ രചിച്ച 'തലശ്ശേരി കലാപം നേരും നുണയും' മൂന്നാം പതിപ്പ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ കെ.പി. സഹദേവന് നല്‍കി പ്രകാശിപ്പിച്ചു. കെ.കെ. ശൈലജ എം.എല്‍.എ, ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, ടി.വി. രാജേഷ്, എം. പ്രകാശന്‍, പി. ഹരീന്ദ്രന്‍ എന്നിവർ പങ്കെടുത്തു. പടം) സന്ദീപ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.