ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ പരിഗണന -മുഖ്യമന്ത്രി

തലശ്ശേരി: ഉന്നത വിദ്യാഭ്യാസ മേഖലക്കാണ് സംസ്ഥാന സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം ഗവ. ബ്രണ്ണൻ കോളജിൽ മാത്തമാറ്റിക്‌സ് ബ്ലോക്കും നവീകരിച്ച മെൻസ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനായി സ്‌കിൽ ഇൻഫ്രാസ്‌ട്രക്ചർ ഇക്കോ സിസ്റ്റം-സ്‌കിൽ പാർക്കുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കും. 25 ഏക്കർ ഭൂമിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്ക് പാർക്കിൽ സൗകര്യമൊരുക്കും. രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററിന് കേന്ദ്ര ഭരണാനുമതി ലഭിച്ചു. ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ പദ്ധതി കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയും സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടാറ്റ സ്റ്റീലിന്റെ വ്യാവസായിക പിന്തുണ പദ്ധതിക്ക് ഉണ്ടാകും. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനവും നൽകാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ചെറിയ വ്യവസായിക യൂനിറ്റുകൾ തയാറാക്കി വിദ്യാർഥികൾക്ക് പരിശീലനം നൽകും. സർവകലാശാല നവീകരണത്തോടൊപ്പം പുതിയ കോഴ്‌സുകളും അനിവാര്യമായിരിക്കുകയാണ്. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർഥികൾക്ക് നാട്ടിൽതന്നെ മികച്ച കോഴ്‌സുകൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം -മുഖ്യമന്ത്രി പറഞ്ഞു. ബ്രണ്ണൻ കോളജിൽ 5.70 കോടി ചെലവിലാണ് ഗണിത ശാസ്ത്ര വിഭാഗത്തിനായി മൂന്നുനില കെട്ടിടം നിർമിച്ചത്. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സീമ, ധർമടം പഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.എം. ജ്യോതിരാജ്, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ.പി.പി. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ജിസ ജോസ്, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.കെ.ടി. ചന്ദ്രമോഹൻ, സെനറ്റ് അംഗം ഡോ. കെ.വി. മഞ്ജുള, റിട്ട. ടീച്ചേഴ്‌സ് ഫോറം പ്രതിനിധി പ്രഫ. കെ. കുമാരൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഇക്ബാൽ ആലിയമ്പത്ത്, സീനിയർ സൂപ്രണ്ട് എം. അസീസ്, കോളജ് യൂനിയൻ ചെയർമാൻ ഇ. അഭിഷേക്, ടി. അനിൽ, വി.എ. നാരായണൻ, സി. ഗിരീശൻ, കൊക്കോടൻ ലക്ഷ്മണൻ, ഫിറോസ് മനയത്ത്, അജയകുമാർ മീനോത്ത്, ടി.കെ. കനകരാജ്, കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പടം.......ധർമടം ഗവ. ബ്രണ്ണൻ കോളജിൽ മാത്തമാറ്റിക്‌സ് ബ്ലോക്കും നവീകരിച്ച മെൻസ് ഹോസ്റ്റലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.