തലശ്ശേരി ജനറൽ ആശുപത്രി കെട്ടിടത്തിലെ സീലിങ് അടർന്നുവീണു തലശ്ശേരി: ജനറൽ ആശുപത്രി കെട്ടിടത്തിലെ സീലിങ് അടർന്നുവീണ് അപകടം. എം.എം വാർഡിലെ ശുചിമുറിയിലെ സീലിങ്ങാണ് വ്യാഴാഴ്ച വൈകീട്ട് അടർന്നുവീണത്. ശുചിമുറിക്ക് സമീപമുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പരിക്കേറ്റു. കോൺക്രീറ്റ് പാളി ഇവരുടെ ദേഹത്താണ് വീണത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പഴയ ബ്ലോക്കിലെ ശുചി മുറിയിലെ സീലിങ്ങാണ് അടർന്നുവീണത്. പഴക്കം ചെന്ന ബ്ലോക്കിലെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ദിവസവും നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ സീലിങ് അടർന്നുവീണത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ചില വാർഡുകളിലെ സീലിങ് അടർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിക്കേറ്റിരുന്നു. അപകടാവസ്ഥയുള്ള ഭാഗങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുകയാണ് പതിവ്. കടൽകാറ്റേറ്റ് കമ്പികൾ തുരുമ്പ് പിടിക്കുന്നതാണ് സീലിങ് അടർന്നു വീഴാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. -------------------------------------------- പടം..... തലശ്ശേരി ജനറൽ ആശുപത്രി കെട്ടിടത്തിലെ സീലിങ് അടർന്നുവീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.