തലശ്ശേരിയിൽ കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു

തലശ്ശേരി: കേന്ദ്രീയ വിദ്യാലയത്തിന് തലശ്ശേരിയിൽ സ്വന്തം കെട്ടിടം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുത്തു. കതിരൂർ പഞ്ചായത്തിലെ കുണ്ടൂർമലയിലാണ് മൂന്ന് ഹെക്ടർ സ്ഥലം ഏറ്റെടുത്തത്. പ്രാരംഭ നടപടി പൂർത്തിയായി. കെട്ടിട നിർമാണം ഉടൻ ആരംഭിക്കും. ധർമടത്ത് വാടക കെട്ടിടത്തിലാണ് നിലവിൽ വിദ്യാലയം പ്രവർത്തിക്കുന്നത്. 2011ൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ആയിരിക്കുമ്പോഴാണ് തലശ്ശേരിക്ക് കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. കുണ്ടൂർ മലയിൽ വാടക കെട്ടിടത്തിലാണ് ആദ്യം വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. സ്വന്തം സ്ഥലം കണ്ടെത്തിയെങ്കിലും ഏറ്റെടുക്കൽ നടപടി പൂർത്തിയായില്ല. ഇതിനിടെ വിദ്യാലയം ധർമടത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റി. കെ. മുരളീധരൻ എം.പി ഇടപെട്ടതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ല കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സ്ഥലമെടുപ്പിനുള്ള തടസ്സങ്ങൾ നീങ്ങിയത്. സ്ഥലം ഭൂമിയേറ്റെടുക്കൽ വിഭാഗം വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞമാസം 25ന് കൈമാറി. വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീയ വിദ്യാലയം കൊച്ചി യൂനിറ്റിന് കെട്ടിടം നിർമാണത്തിനായി കൈമാറി. ടെൻഡർ വിളിച്ച് പ്രവൃത്തി ചെയ്യുന്നത് കേന്ദ്ര പി.ഡബ്ല്യു.ഡി വിഭാഗമാണ്. ജില്ല കലക്ടർ ചെയർമാനായ ജില്ല വികസന സമിതിയുടെ നിരന്തര ഇടപെടലുകളും എൽ.എ വിഭാഗത്തിന്റെ പ്രവർത്തനങ്ങളും കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടമൊരുക്കാനുള്ള നടപടിക്ക് വേഗം കൂട്ടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.