തളിപ്പറമ്പ് സബ് ആർ.ടി ഓഫിസ്: ഓൺലൈൻ തകരാർ പരിഹരിച്ചു

തളിപ്പറമ്പ്: സബ് ആർ.ടി ഓഫിസിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ നടപടിയെടുക്കുന്നത് വൈകാൻ കാരണമായ സാങ്കേതിക തകരാർ പരിഹരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടങ്ങിയ പ്രശ്നം പൂർണമായി പരിഹരിക്കാനാകാത്തത് പരാതിക്കിടയാക്കിയത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച് ബുധനാഴ്ച രാവിലെ മുതൽ ഓഫിസ് പ്രവർത്തനം സാധാരണ നിലയിൽ നടക്കുന്നതായി ജോ. ആർ.ടി.ഒ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അക്ഷയ വഴിയും മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വഴിയും സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കാത്തതിന് ഇന്റർനെറ്റ് വേഗത കുറവാണ് കാരണമായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച മുതൽ അപേക്ഷകരെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ, കോഴിക്കോട് നിന്നെത്തിയ സാങ്കേതിക വിദഗ്ധർ ഞായറാഴ്ച തന്നെ നെറ്റ് വർക്കിലുണ്ടായ തകരാർ കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും തിങ്കളാഴ്ച പ്രവൃത്തി തുടങ്ങിയതോടെ വീണ്ടും തകരാറിലായതായി അധികൃതർ പറഞ്ഞു. പിന്നീട് ചൊവ്വാഴ്ച വീണ്ടും പരിശോധന നടത്തി തടസ്സമുണ്ടാക്കിയ ഉപകരണത്തിന് പകരം മറ്റൊന്ന് സ്ഥാപിച്ചു. ബുധനാഴ്ച സാധാരണ രീതിയിൽ തളിപ്പറമ്പ് സബ് ആർ.ടി ഓഫിസ് പ്രവർത്തനം നടന്നതായി ജോ. ആർ.ടി.ഒ അറിയിച്ചു. കാലാവധി അവസാനിക്കുന്നതിനുമുമ്പ് മറ്റ് ഓൺലൈൻ കേന്ദ്രങ്ങളിൽനിന്ന് അപേക്ഷ സമർപ്പിച്ച് ഫീസടച്ചവർക്ക് പിഴ അടക്കേണ്ടി വരില്ലെന്ന് അധികൃതർ അറിയിച്ചു. ഉപകരണങ്ങളിൽ കാലോചിത മാറ്റം വരുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. സർക്കാറിന് വൻ വരുമാനം ഉണ്ടാക്കുന്ന വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് തളിപ്പറമ്പ് സബ് ആർ.ടി ഓഫിസിലെ ഉപകരണങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.