വിവാഹവീട്ടിലെ ബോംബേറ്​; ജിഷ്ണുവിന്‍റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ജിഷ്ണുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട്​ 3.45ന് നാട്ടിലെത്തിച്ച് ഏച്ചൂർ ഫുട്‌ബാൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ചു. മൃതദേഹത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, ജില്ല സെക്ര​ട്ടേറിയറ്റ് അംഗം എൻ. ചന്ദ്രൻ, ഏരിയ സെക്രട്ടറി കെ. ബാബുരാജ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, വൈസ് പ്രസിഡന്‍റ്​ ബിനോയ് കുര്യൻ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വസതിയിലെത്തിച്ച മൃതദേഹം 4.45ഓടെ പയ്യാമ്പലത്തെത്തിച്ച്​ സംസ്കരിച്ചു. പടം -jayarajan visit -തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ജിഷ്ണുവിന്റെ മൃതദേഹം ഏച്ചൂർ ഫുട്‌ബാൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ ................................................................ എം.വി. ജയരാജന്‍ ക്രിമിനലുകളെ ന്യായീകരിക്കുന്നു -മാര്‍ട്ടിന്‍ ജോര്‍ജ് കണ്ണൂര്‍: തോട്ടട സംഭവത്തില്‍ സി.പി.എം നേതൃത്വത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ബോംബ് നിർമാണത്തെ തള്ളിപ്പറയാതെ വിവാഹംപോലെ പരിപാവനമായ ചടങ്ങില്‍ ബോംബുമായി പോകുന്നതാണ് കുറ്റമെന്നു പറയുന്ന സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ക്രിമിനലുകളെ ന്യായീകരിക്കുകയാണ്. സി.പി.എമ്മിന്റെ ക്രിമിനല്‍ സംഘംതന്നെയാണ് തോട്ടടയില്‍ അക്രമം നടത്തിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകരാണ് ബോംബുകളുമായി വിവാഹവീട്ടിലെത്തിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളിക​ളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കണ്ണൂരില്‍ കുടില്‍ വ്യവസായംപോലെ തഴച്ചുവളരുന്ന ബോംബ് നിർമാണം തടയുന്നതിലും യുവജനങ്ങള്‍ക്കിടയില്‍ പിടിമുറുക്കുന്ന മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട പൊലീസ് സംവിധാനത്തിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 3.30ന് തോട്ടടയില്‍നിന്നു കണ്ണൂര്‍ സിറ്റി സെന്ററിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.