കേളകം: ആറളം ഫാമിന്റെയും വന്യജീവി സങ്കേതത്തിന്റെയും അതിരിൽ കാട്ടാന പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ വനം, മരാമത്ത്, ടി.ആർ.ഡി.എം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന തുടങ്ങി. നിലവിലുള്ള ആനമതിൽ ബലപ്പെടുത്തിയും ഉയരം വർധിപ്പിച്ചും മതിലിന്റെ ഉൾവശത്ത് വന്യജീവി സങ്കേതത്തിൽ 10.2 കിലോമീറ്റർ ദൂരത്തിൽ സോളാർ തൂക്കുവേലി സ്ഥാപിക്കുന്നതിനുമാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ആറളത്ത് ആന പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി കലക്ടർ മുഖേന നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ വിഷ്ണുദാസ്, ഇരിട്ടി സെക്ഷൻ കെട്ടിട നിർമാണ വിഭാഗം ഓവർസിയർമാരായ കെ.സി. വിപിൻ, എം. പ്രസാദ്, ആറളം ഫാം സൈറ്റ് മാനേജർ കെ.വി. അനൂപ്, വനം വകുപ്പ് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ഫോറസ്റ്റർമാരായ പി. പ്രകാശ്, സി.കെ. മഹേഷ്, കെ. രാജു, വാർഡ് അംഗം മിനി ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. വളയംചാൽ മുതൽ പൊട്ടിച്ചിപാറ വരെ 10.2 കിലോമീറ്റർ നടന്ന് നിലവിലുള്ള മതിലിന്റെ പൊട്ടിയ ഭാഗവും ബലപ്പെടുത്തേണ്ട ഉയരം കൂട്ടേണ്ട സ്ഥലങ്ങളും കണ്ട് രേഖപ്പെടുത്തി. നിലിവിലുള്ള മതിൽ പുനർനിർമിച്ച ശേഷം ഫാം അതിർത്തിയിൽ നിന്ന് മണ്ണിട്ടുയർത്തി ശക്തിപ്പെടുത്തുന്നതാണ് ഉചിതമെന്ന് വനം വകുപ്പ് അധികൃതരും ജനപ്രതിനിധികളും പ്രദേശവാസികളും വിദഗ്ധ സംഘത്തെ അറിയിച്ചു. ഈ ഭാഗത്തുകൂടി വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി സ്ഥിരം പരിശോധനക്ക് പ്രത്യേക സഞ്ചാരപാത നിർമിക്കുന്നതും പരിഗണിക്കും. പടം -ആറളം ഫാമിന്റെയും വന്യജീവി സങ്കേതത്തിന്റെയും അതിരിൽ കാട്ടാന പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ വനം, മരാമത്ത്, ടി.ആർ.ഡി.എം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.