കണ്ണൂർ: കോവിഡ് കാലത്ത് മങ്ങിപ്പോയ ടൂറിസം സാധ്യതകള്‍ക്ക് ചിറകുമുളപ്പിച്ച് കെ.എസ്.ആർ.ടി.സി വിനോദസഞ്ചാര യാത്രകൾ. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദസഞ്ചാര യാത്രകൾ കൂടുതൽ ജനശ്രദ്ധയാകർഷിച്ചതോടെ കൂടുതല്‍ സഞ്ചാരപാതകള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ കെ.എസ്.ആര്‍.ടി.സി. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍തന്നെ 53 വിനോദ സഞ്ചാരയാത്രകളാണ് ഇതിനോടകം കണ്ണൂരിൽനിന്ന് പൂർത്തിയാക്കിയത്. ആലക്കോട് സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച കണ്ണൂരിൽനിന്ന് പുറപ്പെട്ടു. കണ്ണൂര്‍ ബി.ടി.സി നേതൃത്വം നല്‍കുന്ന പുതിയ ട്രിപ് ജൂണ്‍ 10ന് ആരംഭിക്കും. തിരുവനന്തപുരം, കുമരകം ടൂറിസം മേഖലകളിലേക്കാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. ഡബിള്‍ഡക്കര്‍ ബസിലുള്ള യാത്രയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോര്‍മെട്രി സൗകര്യങ്ങള്‍ക്ക് പുറമേ കുമരകത്തെ ഹൗസ്‌ബോട്ട് യാത്രക്കും അവസരമുണ്ട്. വെള്ളിയാഴ്ച കണ്ണൂരില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച കണ്ണൂരില്‍ തിരികെ എത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ യാത്രക്ക് ഭക്ഷണം ഒഴികെ മറ്റെല്ലാ സൗകര്യവും ഒരുക്കിയാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കുന്നതോടെയാണ് കൂടുതൽപേർ വിനോദസഞ്ചാര യാത്ര തേടിയെത്തുന്നത്. ആനവണ്ടിയിലുള്ള യാത്രയും യാത്രാപാസുകളും ഭക്ഷണവും താമസസൗകര്യങ്ങളുമെല്ലാം വിവിധ യാത്രകളില്‍ സെല്ല് ഒരുക്കിയിട്ടുണ്ട്. 33 വയനാട് ട്രിപ്പുകള്‍, 15 ഓളം മൂന്നാര്‍ ട്രിപ്പുകള്‍, കൂടാതെ ആഡംബരക്കപ്പലിലേക്കും വാഗമണ്‍, ആലപ്പുഴ ട്രിപ്പുകളുമാണ് ഇതിനോടകം പൂർത്തിയാക്കിയത്. വിനോദയാത്രക്ക് മേയ് 25നാണ് തുടക്കമായത്. അടുത്തമാസം നാലമ്പല തീർഥാടന ടൂറിസവും മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി വയനാട്, വൈതൽമല, റാണിപുരം, ബേക്കൽ എന്നിവിടങ്ങളിലേക്കും പുതിയ വിനോദയാത്രകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കണ്ണൂര്‍ ഡി.ടി.ഒ മനോജ്, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോഓഡിനേറ്റര്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ. റോയി, കെ.ആര്‍. തന്‍സീര്‍, എം. പ്രകാശന്‍ എന്നിവരാണ് കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. ഫോൺ: 9605372288, 8089463675, 9074165915.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.