ഓർമകൾക്ക് ബെല്ലടിച്ച് പൂർവ വിദ്യാർഥി സംഗമം

പാനൂർ: കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമം വ്യത്യസ്തമായി. 1992-93 അധ്യയന വർഷത്തിൽ പഠനം നടത്തിയവരാണ് മൂന്ന് പതിറ്റാണ്ടിനിപ്പുറം അന്നത്തെ ക്ലാസ് മുറികൾ പുനഃസൃഷ്ടിച്ച് സംഗമം ഒരുക്കിയത്. അന്നത്തെ പഠനകാലത്ത് പ്യൂണായിരുന്ന കടവത്തൂരിലെ എം. രാമകൃഷ്ണൻ ബെല്ലടിച്ചതോടെയാണ് 'ഓർമക്കൂട്ട്' പരിപാടിക്ക് തുടക്കമായത്. അന്ന് ക്ലാസെടുത്തിരുന്ന അധ്യാപകരും പ്രധാനാധ്യാപകനും ഒരിക്കൽക്കൂടി ക്ലാസെടുത്തു. പ്രധാനാധ്യാപകൻ കുഞ്ഞബ്ദുല്ല ചൂരലുമായി ഓരോ ക്ലാസിലും കയറിയിറങ്ങി. ഒരുകൂട്ടം പേർ അന്നത്തെ മാതൃകയിൽ സമര മുദ്രാവാക്യവുമായി കാമ്പസിലൂടെ പ്രകടനം നടത്തിയതും കൗതുകമായി. തൃപ്രങ്ങോട്ടുർ പഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയതിൽ ഉദ്ഘാടനം ചെയ്തു. ഓർമക്കൂട്ട് ചെയർമാൻ വി. വത്സൻ അധ്യക്ഷത വഹിച്ചു. പൊട്ടങ്കണ്ടി അബ്ദുല്ല ഉപഹാര സമർപ്പണം നടത്തി. തളിപ്പറമ്പ് എ.സി.പി പ്രിൻസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പി.കെ. പാറക്കടവ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അലി, എം.പി. ജാഫർ, പ്രഫ. കെ. ഇസ്മായിൽ, പി.പി.എ. സലാം, കെ.പി. ജീവൻ, ജയപ്രസാദ് നാണു എന്നിവർ സംസാരിച്ചു. ഖാദർ കല്ലോളി സ്വാഗതം പറഞ്ഞു. സ്കൂൾ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.