കുടിവെള്ള പൈപ്പിടാൻ കുഴിച്ച കുഴികൾ അപകടക്കെണി

ഇരിട്ടി: കുടിവെള്ള പൈപ്പിടാൻ ജല അതോറിറ്റി വിഭാഗം ചുമതലപ്പെടുത്തിയ കരാറുകാർ കിളച്ചും കുഴിയടുത്തും താറുമാറാക്കിയ റോഡുകളിൽ അപകടം തുടർക്കഥ. റോഡിന്റെ പാർശ്വങ്ങളിലാണ്‌ ആഴത്തിൽ ചാൽകീറി പൈപ്പ്‌ സ്ഥാപിച്ചത്‌. ശേഷം മണ്ണിട്ട്‌ ചാൽ മൂടി. മഴയിൽ മണ്ണിട്ട ഭാഗങ്ങൾ ചളിയിൽ പുതഞ്ഞ്‌ താഴുന്ന നിലയായി. വഴിമാറിക്കൊടുക്കുമ്പോൾ പല വണ്ടികളും റോഡരികിലെ ചളിക്കെണിയിൽ താഴുന്ന അവസ്ഥയാണിപ്പോൾ. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്‌ പലയിടങ്ങളിലും ചളിയിലും കുഴിയിലും മറിയുന്നത്‌. കീഴൂർ-എടക്കാനം-പഴശ്ശി പദ്ധതി റോഡിലെ വള്ള്യാട്‌ മുതൽ പഴശ്ശി പദ്ധതി വരെയുള്ള റോഡരികിൽ ഇത്തരം അപകടങ്ങൾ വർധിച്ചു. കീഴൂർ-ഇരിട്ടി താലൂക്ക് ആശുപത്രി റോഡിന്റെ പാർശ്വങ്ങൾ നേരത്തേ നഗരസഭ കോൺക്രീറ്റ്‌ ചെയ്ത്‌ ബലപ്പെടുത്തിയിരുന്നു. കോൺക്രീറ്റ്‌ പൊളിച്ചാണ്‌ വലിയ കയറ്റമുള്ള റോഡിൽ കുടിവെള്ള പൈപ്പിടാൻ ചാൽ കീറിയത്‌. വീണ്ടും കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ടുമൂടിയ ഈ ഭാഗങ്ങളിലാണ്‌ കൂടുതൽ അപകടസാധ്യത. സ്‌കൂൾ വാഹനങ്ങൾകൂടിയെത്തുമ്പോൾ ഈ മേഖലകളിൽ അപകടം വർധിക്കും. പൈപ്പിടാൻ കിളച്ച ഭാഗങ്ങൾ ടാറിങ് നടത്തി ബലപ്പെടുത്താൺ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ്‌ നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.