തൊടുപുഴ: മഴ ആശങ്കയിലും കൗമാര കായികമേളക്ക് വ്യാഴാഴ്ച മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസിൽ തുടക്കമാകും. ഏഴ് ഉപജില്ലകളിൽനിന്ന് 1500 കുട്ടികളാണ് മാറ്റുരക്കുന്നത്. മൂന്നുദിവസം നീളുന്ന 20ാമത് റവന്യൂ ജില്ല കായികമേള ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിർവഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിക്കും.
മത്സരത്തിനെത്തുന്ന കുട്ടികൾക്കും ഒപ്പമുള്ള അധ്യാപകർക്കുമുള്ള ഒരുക്കം പൂർത്തിയായതായി ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ആർ. വിജയ പറഞ്ഞു. ഇവർക്കുള്ള താമസം, ഭക്ഷണമടക്കം മേള സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രണ്ടുദിവസമായി ഉച്ചകഴിഞ്ഞ് മഴപെയ്യുന്നത് മേളയുടെ നിറം കെടുത്തുമോ എന്ന ആശങ്കയുണ്ട്.
അൽപംപോലും ഇടവേളകളില്ലാതെ എത്തിയ മേളകളിൽ പങ്കെടുക്കാൻ കുട്ടികൾ പെടുന്നത് പെടാപ്പാട്. ഉപജില്ല കായികമേളക്ക് തൊട്ടുപിന്നാലെ ജില്ല സ്കൂൾ കായികമേളയും അതു തീരുമ്പോഴേക്കും സംസ്ഥാന കായികമേളയുമാണ്. ആവശ്യത്തിന് വിശ്രമവും പരിശീലനവും ലഭിക്കാതെയുള്ള, തുടർച്ചയായ മത്സരങ്ങൾ കുട്ടികളുടെ പ്രകടനത്തെ ബാധിക്കുമെന്ന് കായികാധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
മുൻ മത്സരങ്ങളിൽ ചെറിയ പരിക്കോ മറ്റോ പറ്റിയാൽ ചികിത്സക്കുപോലും സമയം കിട്ടുന്ന രീതിയിലല്ല മത്സരങ്ങളുടെ ക്രമീകരണം. ഉപജില്ല, ജില്ല, സംസ്ഥാന കായികമേളകൾ എല്ലാം തൊട്ടടുത്ത ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉപജില്ല കായികമേളകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച മുതൽ 14 വരെയാണ് ജില്ല കായികമേള. സംസ്ഥാന കായികമേള 16 മുതൽ 20 വരെയും. ജില്ല കായികമേളയിൽനിന്ന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്ന കുട്ടികൾക്ക് വിശ്രമിക്കാൻ പോലും സമയം കിട്ടില്ല.
ജില്ല മത്സരമായതിനാൽത്തന്നെ കടുത്ത മത്സരമാണ് നേരിടേണ്ടത്. ഒരു കുട്ടിതന്നെ വിവിധയിനങ്ങളിൽ മത്സരിക്കുന്ന സ്കൂളുകളുണ്ട്. ഇതിനിടെ, ഒമ്പത് മുതൽ 13 വരെ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. കായികമേളയിൽ മത്സരിക്കേണ്ട പല കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്. ഇവർക്ക് പരീക്ഷക്കും അതുപോലെ കായികമേളക്കും ഒരുപോലെ തയാറെടുപ്പുകൾ നടത്താനാകാത്ത സാഹചര്യമാണ്. പരീക്ഷ കണക്കിലെടുത്ത് ജില്ല കായികമേളയിൽ സീനിയർ വിഭാഗം മത്സരങ്ങൾ 14നാണ്. മത്സരങ്ങളിൽ ചെറിയ പരിക്കോ മറ്റോ ഉണ്ടായാൽ, വിശ്രമമില്ലാത്തതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റാത്ത അവസ്ഥവരുമെന്ന് കുട്ടികൾ പറയുന്നു.
നെടുങ്കണ്ടം: മതിയായ പരിശീലന സൗകര്യം ഇല്ലാത്തതാണ് ഹൈറേഞ്ചിലെ കായികതാരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അന്യ ജില്ലകളിലെ സ്കൂളുകളെ ആശ്രയിച്ച് പരിശീലനം നടത്തേണ്ട അവസ്ഥയാണ് കുട്ടികൾക്ക്. രാജ്യാന്തര നിലവാരത്തിലേക്കുയര്ത്തപ്പെട്ട കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മതിയായ കായിക സ്റ്റേഡിയമില്ലാത്തത് കായിക വിദ്യാർഥികളെ വലക്കുന്നു.
ഇടുക്കിയുടെ കായിക കുതിപ്പിന് ചിറകുവിരിക്കാന്‍ കല്ലാര്‍ സ്കൂളില്‍ സ്റ്റേഡിയം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയില്‍ ഏറ്റവും അധികം വിദ്യാർഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് മുണ്ടിയെരുമയിലെ കല്ലാര്‍ ഗവ. സ്കൂള്‍. പാഠ്യ, കല, കായിക രംഗത്ത് മികച്ച സര്‍ക്കാര്‍ വിദ്യാലയമാണിത്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും കായിക പരിശീലനത്തിന് മതിയായ സൗകര്യം ഇല്ലാത്തത് നിരാശജനകമാണ്. റവന്യൂ ജില്ല കായികമേളയില്‍ പങ്കെടുക്കാന്‍ ഇക്കുറി 30 കുട്ടികള്‍ യോഗ്യത നേടിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ആറ് ഏക്കര്‍ സ്ഥലമുണ്ടായിട്ടും വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ മൈതാനമാണുള്ളത്. വര്‍ഷംതോറും ലഷങ്ങളുടെ ഫണ്ട് വരുന്നുണ്ടെങ്കിലും മൈതാനം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത് സംബന്ധിച്ച് വിശദമായ പദ്ധതി സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ തയാറാക്കി എം.എം. മണി എം.എൽ.എ മുഖേന കായികമന്ത്രിക്ക് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. ഇന്ത്യന്‍ കായിക മേഖലക്ക് എന്നും കരുത്തുറ്റ താരങ്ങളെ സംഭാവന ചെയ്തുവരുന്ന വിദ്യാലയത്തിനാണീ ദുരവസ്ഥ. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്നതിനാല്‍ ജന്മന കരുത്തുറ്റ കായികശേഷി പ്രകടമാക്കുന്ന ഒരു ജനതയാണ് ഈ നാടിന്റെ പ്രത്യേകത. ഇടുക്കി വിശേഷിച്ച് ഹൈറേഞ്ച് രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളുടെ അക്ഷയഖനികൂടിയാണ്. ഈ പ്രത്യേകതകൾ മനസ്സിലാക്കി കൂടുതൽ സൗകര്യം ഉറപ്പുവരുത്താൻ അധികൃതർ രംഗത്തിറങ്ങണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.