തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഏത് മുന്നണി അധികാരത്തിൽ വന്നാലും ജില്ല പഞ്ചായത്ത് ഉൾപ്പെടെ 32 തദ്ദേശ സ്ഥാപനങ്ങൾ വനിതകൾ ഭരിക്കും. ആകെ 52 പഞ്ചായത്തുകളുള്ള ജില്ലയിൽ 23 പഞ്ചായത്തുകളുടെ പ്രസിഡൻറ് സ്ഥാനം പൊതുവിഭാഗത്തിൽനിന്നുള്ള വനിതകൾക്കാണ്. പുറമെ രണ്ടിടത്ത് പട്ടികജാതി വനിതകളും ഒരിടത്ത് പട്ടികവർഗ വനിതയും പ്രസിഡന്റാകും.
ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവർഗ വിഭാഗത്തിൽപെട്ട പുരുഷനാണ്. രണ്ട് നഗരസഭയുള്ള ജില്ലയിൽ തൊടുപുഴ നഗരസഭ ചെയർമാൻ സ്ഥാനം വനിതക്ക് ലഭിക്കും. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ നാലെണ്ണത്തിന്റെ സാരഥ്യം വനിതകൾക്കാകും. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം പട്ടികജാതിവിഭാഗത്തിനും കട്ടപ്പന ബ്ലോക്ക് പട്ടികവർഗ വിഭാഗത്തിനും സംവരണമാണ്.
നെടുങ്കണ്ടം: പ്രസിഡന്റാകാന്‍ കുപ്പായം തുന്നിയ പലര്‍ക്കും വനിത സംവരണത്തില്‍ കുടുങ്ങി വാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ ഏതെങ്കിലും വിധേന സീറ്റ് തരപ്പെടുത്താന്‍ വാര്‍ഡുകള്‍തോറും കയറിയിറങ്ങുകയാണ്. നെടുങ്കണ്ടം പഞ്ചായത്തില്‍ പ്രസിഡന്റാകാന്‍ കുപ്പായം തുന്നിയവര്‍ നിരവധിയാണ്. അഞ്ചുവര്‍ഷത്തെ ഇടതു മുന്നണി ഭരണം ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കിയതിനാല്‍ ഇക്കുറി തങ്ങള്‍ക്ക് ഭരണം കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ്.
ഇത് മുൻകൂട്ടി കണ്ട കോണ്‍ഗ്രസിലെ ചില പ്രസിഡന്റ് മോഹികള്‍ സ്വന്തം വാര്‍ഡ് വനിത വാര്‍ഡായതിനാല്‍ സീറ്റുപിടിക്കാന്‍ ചരടുവലി സജീവമാക്കി. രണ്ടും മൂന്നും തവണ പഞ്ചായത്തില്‍ അംഗങ്ങളായിരുന്നവര്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് സമീപ വാര്‍ഡുകളിലേക്ക് കയറിക്കൂടി മത്സരിക്കാന്‍ തയാറെടുത്തിരിക്കുകയാണ്. 14ാം വാര്‍ഡ് പുനഃക്രമീകരണത്തിൽ 16 ആയെങ്കിലും ഇവിടെ കോണ്‍ഗ്രസിലെ ഏഴുപേര്‍ മത്സരിക്കാന്‍ കച്ചമുറുക്കി നില്‍ക്കുകയാണ്.
ഇതില്‍ പലരും പ്രസിഡന്റാകാനുള്ള മോഹത്തിലാണ്. കഴിഞ്ഞ തവണ ഇവിടെ സി.പി.എമ്മിലെ വനിത അംഗത്തെ അഞ്ചുവര്‍ഷത്തേക്ക് വായ്പയെടുത്ത് സി.പി.ഐ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ച് ജയിപ്പിക്കുകയായിരുന്നു. വാര്‍ഡ് പിടിക്കാന്‍ ഇക്കുറിയും അതേ പയറ്റ് തുടരാനാണ് ശ്രമം നടത്തുന്നത്. നെടുങ്കണ്ടത്തെ രണ്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും വാര്‍ഡ് നഷ്ടപ്പെട്ടത് വെട്ടിലാക്കി. ഇവരിപ്പോള്‍ ഏതെങ്കിലും വാര്‍ഡില്‍ തള്ളിക്കയറി മത്സരിക്കാനാണ് നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.