തൊടുപുഴ: അധ്യയനവർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കേ ജില്ലയിലെ സ്കൂളുകളിൽ കായികാധ്യാപക നിയമനം എങ്ങുമെത്തിയില്ല. സർക്കാർ വിദ്യാലയങ്ങളിലാണ് കായികാധ്യാപക തസ്തിക സ്വപ്നമായി അവശേഷിക്കുന്നത്.
എയ്ഡഡ് വിദ്യാലയങ്ങളിൽ ഭാഗികമായി നിയമനം നടക്കുന്നുണ്ട്. സർക്കാർ പൂർണമായും കൈയൊഴിഞ്ഞതോടെ കായികമേഖലക്ക് നല്ല വളക്കൂറുള്ള ജില്ലയിലെ വിദ്യാർഥികൾ മറ്റു ജില്ലകളിലേക്ക് ചേക്കേറുകയാണ്.
കായിക അധ്യാപകരില്ലാതെ 153 വിദ്യാലയങ്ങൾ
ജില്ലയിൽ 153 വിദ്യാലയങ്ങളിൽ കായികാധ്യാപകർ ഇല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. സർക്കാർ, എയ്ഡഡ് മേഖലകളിലായി ആകെ ജില്ലയിലുള്ള കായികാധ്യാപകരുടെ എണ്ണം 82 ആണ്. സർക്കാർ ഹൈസ്കൂളുകളിലായി 31 അധ്യാപകരും എയ്ഡഡ് ഹൈസ്കൂളുകളിലായി 50 അധ്യാപകരും ജോലി നോക്കുന്നുണ്ട്. സർക്കാർ യു.പി സ്കൂളുകളിൽ ഒരൊറ്റ കായികാധ്യാപകനുമില്ല.
എന്നാൽ, ജില്ലയിൽ ഒരു എയ്ഡഡ് യു.പി സ്കൂളിൽ കായികാധ്യാകനുള്ളതായും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കിൽ പറയുന്നു. ഇതേസമയം, സ്ഥിരം കായികാധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന കായികാധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നുണ്ടെന്നാണ് വകുപ്പിന്‍റെ വാദം. സമഗ്ര ശിക്ഷ കേരളയുടെ സേവനവും ഇക്കാര്യത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
സ്കൂൾ മേളകൾക്ക് തടസ്സമാകുന്നില്ലെന്ന് സർക്കാർ
കായികാധ്യാപകരുടെ അഭാവം സ്കൂൾ കായിക മേളകൾക്ക് തടസ്സമാകുന്നില്ലെന്ന വാദമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉയർത്തുന്നത്. കെ.ഇ.ആർ ചാപ്റ്റർ 23 ചട്ടം 6(4)ൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് സ്ഥിരം കായികാധ്യാപകരെ നിയമിക്കുന്നത്. എന്നാൽ, ജില്ലയിൽ ഈ മാനണ്ഡങ്ങളെല്ലാമുള്ള 53 സ്കൂളുകളിലാണ് കായികാധ്യാപകരെ നിയമിക്കാത്തത്.
ഇതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ മേളകളുടെ സംഘാടനം കൂട്ടായ പ്രവർത്തനമായതിനാൽ അധ്യാകരുടെ അഭാവം ബാധിക്കുന്നില്ലെന്നാണ് വകുപ്പ് അവകാശവാദം. സ്കൂൾതലം മുതൽ വിവിധ തലങ്ങളിലെ കായിക മേളകളുടെ സംഘാടനത്തിന് കായികാധ്യാപകർ മാത്രമല്ല, മറ്റ് അധ്യാപകരും അനധ്യാപകരും പൊതുസമൂഹവും കൂട്ടായ പങ്ക് വഹിക്കുന്നതിനാൽ കായികാധ്യാപകരുടെ ദൗർലഭ്യം മേളകളുടെ സംഘാടനത്തെ ബാധിക്കാറില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു
. വകുപ്പ് സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങളാണ് കായികാധ്യാപക നിയമനത്തിൽ തിരിച്ചടിയാകുന്നതെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.
ജില്ല വിട്ട് കായിക പ്രതിഭകൾ
ജില്ലയിൽ കായികാധ്യാപകരുടെ അഭാവം അടക്കം പ്രതിസന്ധിയായതോടെ പ്രാഥമികതലത്തിൽ മികവ് തെളിയിക്കുന്ന പ്രതിഭകളെല്ലാം തന്നെ ഹൈസ്കൂൾ തലമെത്തുമ്പോഴേക്കും ജില്ല വിടുകയാണ്. കൂടുതൽ സൗകര്യവും കായിക പരിശീലകരുമുള്ള മറ്റ് ജില്ലകളിലെ സ്ഥാപനങ്ങളാണ് ഇവരെ റാഞ്ചുന്നത്.
പിന്നീട് ഇവരുടെ നേട്ടങ്ങളെല്ലാം ആ ജില്ലയുടെ അക്കൗണ്ടിലാണ് വരവുവെക്കുന്നത്. വർഷങ്ങളോളം സംസ്ഥാന സ്കൂൾ കായികമേളകളിൽ ആധിപത്യം പുലർത്തിയിരുന്ന എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളിലെ പ്രതിഭകളിൽ ഭൂരിഭാഗവും മലയോര ജില്ലക്കാരായിരുന്നു.
കായിക മേഖലയിൽ മികച്ച പ്രതിഭകളെ സമ്മാനിക്കുന്ന ജില്ലയാണെങ്കിലും പ്രാഥമിക കായിക പരിശീലന രംഗത്ത് സർക്കാർ പുലർത്തുന്ന നിസ്സംഗതയാണ് വളർന്നു വരുന്ന പ്രതിഭകൾക്ക് തിരിച്ചടിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.